ഇന്നും നീര്‍മാതളങ്ങള്‍ പൂക്കാറുണ്ടോ??
ഓഫീസിലെ ക്ലോക്കില്‍ തന്നെ ആയിരുന്നു ഉച്ച മുതല്‍ എന്‍റെ കണ്ണ്.... ആ ക്ലോക്കില്‍ 6 മണി ആയി കാണാന്‍ ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി... ഇടയ്ക്കിടെ രേഖ മാമിന്‍റെ കാബിനിലേക്കും എന്‍റെ ഇന്‍ബോക്സിലേക്കും മാറി മാറി കണ്ണയച്ചു... 6 മണിക്ക് ഇറങ്ങണമെങ്കില്‍ 5.59ന് പുതിയ ജോലി തരുന്ന സ്ഥിരം കോര്‍പ്പറേറ്റ് തന്ത്രം ഇന്നും സംഭവിക്കുമോ എന്ന പേടിയാവാം പ്രധാന കാരണം... ഒടുവില്‍ 6 മണി ആയി... ഫ്ലാറ്റിലേക്കുള്ള നടത്തത്തിനും പതിവിലേറെ വേഗമുണ്ടായിരുന്നു... ഫ്ലാറ്റില്‍ നീനുവും ദേവിയും ഉണ്ടായിരുന്നു,ദേവി വാതില്‍ തുറന്നപാടെ സംശയത്തോടെ ചോദിച്ചു, “നീ പോകാന്‍ തന്നെ തീരുമാനിച്ചോ ലക്ഷ്മി?”, ഞാന്‍ ഉത്തരം പറയും മുന്‍പേ നീനു തന്‍റെ നിലപാടും വ്യക്തമാക്കി.... “ഇത് അഹങ്കാരമാണ് ലക്ഷ്മീ കണ്ണൂരുവരെ ഒറ്റക്ക്........” പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ഞാന്‍ ഉറച്ച സ്വരത്തില്‍ തന്നെ പറഞ്ഞു... “ഞാന്‍ പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു... ഇനി ചിലപ്പോള്‍ ഇതുപോലൊരു കണ്ടുമുട്ടല്‍ ഈ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലോ....” എന്‍റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാവാം, അവര്‍ പിന്നീടൊന്നും പറഞ്ഞില്ല......