ഇന്നും നീര്‍മാതളങ്ങള്‍ പൂക്കാറുണ്ടോ??

ഓഫീസിലെ ക്ലോക്കില്‍ തന്നെ ആയിരുന്നു ഉച്ച മുതല്‍ എന്‍റെ കണ്ണ്.... ആ ക്ലോക്കില്‍ 6 മണി ആയി കാണാന്‍ ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി... ഇടയ്ക്കിടെ രേഖ മാമിന്‍റെ കാബിനിലേക്കും എന്‍റെ ഇന്‍ബോക്സിലേക്കും മാറി മാറി കണ്ണയച്ചു... 6 മണിക്ക് ഇറങ്ങണമെങ്കില്‍ 5.59ന് പുതിയ ജോലി തരുന്ന സ്ഥിരം കോര്‍പ്പറേറ്റ് തന്ത്രം ഇന്നും സംഭവിക്കുമോ എന്ന പേടിയാവാം പ്രധാന കാരണം...
ഒടുവില്‍ 6 മണി ആയി... ഫ്ലാറ്റിലേക്കുള്ള നടത്തത്തിനും പതിവിലേറെ വേഗമുണ്ടായിരുന്നു... ഫ്ലാറ്റില്‍ നീനുവും ദേവിയും ഉണ്ടായിരുന്നു,ദേവി വാതില്‍ തുറന്നപാടെ സംശയത്തോടെ ചോദിച്ചു, “നീ പോകാന്‍ തന്നെ തീരുമാനിച്ചോ ലക്ഷ്മി?”, ഞാന്‍ ഉത്തരം പറയും മുന്‍പേ നീനു തന്‍റെ നിലപാടും വ്യക്തമാക്കി.... “ഇത് അഹങ്കാരമാണ് ലക്ഷ്മീ കണ്ണൂരുവരെ ഒറ്റക്ക്........” പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ഞാന്‍ ഉറച്ച സ്വരത്തില്‍ തന്നെ പറഞ്ഞു... “ഞാന്‍ പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു... ഇനി ചിലപ്പോള്‍ ഇതുപോലൊരു കണ്ടുമുട്ടല്‍ ഈ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലോ....” എന്‍റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാവാം, അവര്‍ പിന്നീടൊന്നും പറഞ്ഞില്ല...
9 മണിക്കാണ് ട്രെയിന്‍... 8 മണിക്ക് രാഹുല്‍ ബൈകുമായി എത്തി... കയ്യിലൊരു ഹാന്‍ഡ്‌ബാഗ് മാത്രമേ ഞാന്‍ എടുത്തുള്ളൂ... എന്‍റെ പേര്‍സ്, ഒരു ഗിഫ്റ്റ്.... ഇത് രണ്ടും കൊള്ളാനുള്ള സ്ഥലം ആ ഹാന്‍ഡ്‌ബാഗില്‍ ഉണ്ടായിരുന്നു..... ബൈക്കില്‍ കയറും മുന്‍പ് രാഹുലും അതേ സംശയം ആരാഞ്ഞു... “ലക്ഷ്മി നീ ശരിക്ക് ആലോചിച്ചോ?? ഞാന്‍ തൃശൂര്‍ വരെയെ ഉള്ളു അവിടെന്ന് നീ ഒറ്റക്കാ പോകേണ്ടത്” ഞാന്‍ ഒന്നും പറഞ്ഞില്ല... ബൈക്കില്‍ കയറി ഇരുന്നു... വേണ്ട ഉത്തരം കിട്ടിയത് കൊണ്ടാവാം അവന്‍ വണ്ടി എടുത്തു....
രാഹുല്‍ എന്‍റെ കൊളീഗ് ആണ്... എന്നെ നന്നായി അറിയാവുന്ന സുഹൃത്ത്... നീനുവും ദേവിയും എന്‍റെ റൂം മേറ്റ്സ്, അവര്‍ക്കെന്നെ രാഹുലിനേക്കാള്‍ അറിയാം എന്ന് പ്രത്യേകം പറയേണ്ടല്ലോ... എല്ലാവര്‍ക്കും ഒരേ കാര്യമാണ് ചോദിക്കാനുള്ളത്... ശരിക്ക് ആലോചിച്ചോ എന്ന്... അതെ കേരളത്തില്‍ ഒരു പെണ്‍കുട്ടി രാത്രിയില്‍ 300 കിലോമീറ്ററോളം ട്രെയിനില്‍ സഞ്ചരിക്കുന്നു... അതില്‍ കൂടുതല്‍ സമയവും തീര്‍ത്തും ഒറ്റക്ക്... അത്ര വലിയ കാര്യമല്ല എന്ന് തോന്നിയാലും സ്നേഹിക്കുന്നവരുടെ മനസ്സില്‍ ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ്... എന്നാല്‍ ആ യാത്രയേക്കാള്‍ അതിന്‍റെ ലക്ഷ്യം ആണ് അവരെ കൂടുതല്‍ ആശങ്കാകുലരാക്കുന്നത്...
ട്രെയിന്‍ ഒരു പത്തുമണിയോടെ എത്തി.... എനിക്ക് പറഞ്ഞ സമയം തെറ്റിയതല്ല, ട്രെയിന്‍ കൃത്യം ഒരു മണിക്കൂര്‍ വൈകിയതാണ്.... ട്രെയിന്‍ വൈകിയ ആ ഒരു മണിക്കൂറില്‍ രാഹുല്‍ തന്‍റേതായ രീതിയില്‍ എന്നെ ഗുണദോഷിച്ചു.... എന്‍റെ യുക്തിക്കും ബുദ്ധിക്കും അവന്‍ പറഞ്ഞതില്‍ പലതും ശരിയാണെന്ന് തോന്നിയെങ്കിലും എന്‍റെ ഹൃദയം യാത്രയില്‍ നിന്ന് പിന്മാറാന്‍ തീരെ ഒരുക്കമായിരുന്നില്ല.... കാരണം രാഹുലിന്‍റെ വാക്കുകള്‍ കേട്ടപ്പോഴുണ്ടായതിനേക്കാള്‍ വലിയ വാദപ്രതിവാദങ്ങള്‍ എന്‍റെ ഉള്ളില്‍ മുന്‍പേ നടന്നു കഴിഞ്ഞിരുന്നു... എല്ലാ വാദമുഖങ്ങള്‍ക്കുമോടുവില്‍ ഞാന്‍ കണ്ടെത്തിയ ഉത്തരം ആണ് എന്‍റെ ഈ യാത്ര....
ട്രെയിന്‍ ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും സ്ത്രീസഹജമായ ഒരു ഭയം അതെന്നിലും നിറയുന്നുണ്ടായിരുന്നു... രാഹുല്‍ തൃശൂര്‍ ഇറങ്ങിക്കഴിഞ്ഞാല്‍ കണ്ണൂര്‍ വരെ തീര്‍ത്തും ഒറ്റക്കാണ് യാത്ര ചെയ്യേണ്ടത്.... സമയം ഇപ്പോള്‍ തന്നെ 11 കഴിഞ്ഞു.... ബോഗ്ഗിയില്‍ ഒരു കുടുംബം യാത്ര ചെയ്യുന്നുണ്ട്... ഒന്ന് രണ്ട് ആണുങ്ങളും, ഒരു വയസായ സ്ത്രീയും കൂടിയുണ്ട്... നേരം ഇരുട്ടിയാല്‍ സ്ത്രീകള്‍ എത്ര ധീരരായാലും ഒറ്റക്കാണ് യാത്രയെങ്കില്‍ സമീപത്തെവിടെയെങ്കിലും മറ്റൊരു സ്ത്രീയെ തിരയും... അത് പുരുഷന്മാര്‍ നേടിയെടുത്ത ഒരു അപൂര്‍വ നേട്ടമാണ്... എന്നും സ്ത്രീയെ ഭയപ്പെടുത്താന്‍ അവനു കഴിയാറുണ്ട്, ഏതു പുരുഷനിലും അവള്‍ ഭയപെടുന്ന ഒരു മൃഗം ഉണ്ടോ എന്ന ചിന്തയാണ് അവളില്‍ അരക്ഷിതാവസ്ഥ നിറക്കുന്നത്...
രാഹുല്‍ തൃശൂര്‍ ഇറങ്ങി... എത്തിയാല്‍ ഉടനെ വിളിക്കണമെന്ന് പറയുകയും ചെയ്തു... ഏതൊരു നല്ല പുരുഷ സുഹൃത്തിനെയും പോലെ... പിന്നീടങ്ങോട്ട് ഒറ്റക്കുള്ള യാത്ര ഭയത്തേക്കാള്‍ ഒരു ധൈര്യമാണ് ഉള്ളില്‍ നിറച്ചത്... എവിടെനിന്നെന്നറിയാതെ വന്നൊരു ധൈര്യം....
കോഴിക്കോട് എത്തിയപ്പോള്‍ ആ കുടുംബവും വൃദ്ധയും ഇറങ്ങി... പിന്നീടങ്ങോട്ടുള്ള യാത്രയില്‍ എന്‍റെ കൂടെ ബോഗ്ഗിയില്‍ 2 ആണുങ്ങള്‍ മാത്രമാണ് ഉണ്ടായത്... അടുത്തുള്ള ബോഗ്ഗികളില്‍ ആരൊക്കെ ഉണ്ട് എന്ന് നോക്കാനുള്ള ധൈര്യം പക്ഷെ എനിക്കില്ലായിരുന്നു... അതില്‍ സ്ത്രീകള്‍ ആരെങ്കിലും ഉണ്ടാകണേ എന്ന് ഞാന്‍ ആഗ്രഹിച്ചു... ഞാന്‍ സീറ്റില്‍ തന്നെ ഇരുന്നു.... 2 ആണുങ്ങളില്‍ ഒരാള്‍ ഒരു മധ്യവയസ്കന്‍ ആണ്... അയാളുടെ കയ്യില്‍ വലിയൊരു ബാഗ്ഗും ഒരു പെട്ടിയും ഉണ്ട്... മറ്റെയാള്‍ ഒരു ചെറുപ്പക്കാരന്‍ ആണ്... അവന്‍റെ കണ്ണ് എന്‍റെ നേരെ തന്നെയാണ് എന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു... ഒറ്റക്കൊരു പെണ്ണിനെ കണ്ടാല്‍ തുറിച്ച് നോക്കിയും അവളുടെ മേലാസകലം കണ്ണുകള്‍ പായിച്ചും സദാചാര മുദ്രയുള്ള ഉപദ്രവം ചെയ്യുക എന്നുള്ളത് മലയാളികള്‍ ജാത്യാല്‍ ആര്‍ജിച്ച വിശിഷ്ട സിദ്ധി ആണല്ലോ... എന്തായാലും വടകരയില്‍ പയ്യനും, തലശ്ശേരിയില്‍ മധ്യവയസ്കനും ഇറങ്ങിയതോടെ ബോഗ്ഗിയില്‍ ഞാന് മാത്രമായി...
സമയം അപ്പോള്‍ വെളുപ്പിന് 5 മണിയോട് അടുത്തിരുന്നു... ഞാന്‍ കണ്ണൂര് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി... ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്ക് നടന്നു... അവിടുള്ള ഒരു തട്ടുകടയില്‍ നിന്നും ഒരു കട്ടന്‍ചായ കുടിച്ചു... ഈ സമയത്ത് പെണ്‍കുട്ടികള്‍ ആ സ്റ്റാന്‍ഡില്‍ അന്യഗ്രഹ ജീവികള്‍ക്ക് തുല്യമായിരുന്നു... ഒരുപാട് കണ്ണുകളുടെ ചോദ്യാവലികള്‍ എനിക്ക് അവഗണിക്കേണ്ടി വന്നു...
ഞാന്‍ ഫോണ്‍ എടുത്ത് ആദ്യം രാഹുലിനെ വിളിച്ച് എത്തിയ വിവരം ധരിപ്പിച്ചു... ശേഷം എന്‍റെ ഫോണില്‍ ഞാന്‍ കാണാന്‍ വന്ന ആളുടെ നമ്പര്‍ ഡയല്‍ ചെയ്തു... നീരവ്... അതായിരുന്നു ആ പേര്... എത്തി എന്ന് പറഞ്ഞപ്പോള്‍ കൌതുകത്തോടെ ഒരു നെടുവീര്‍പ്പിട്ട ശേഷം അരമണിക്കൂറില്‍ എത്താം എന്ന മറുപടിയോടെ ഫോണ്‍ കട്ട് ചെയ്തു....
നീരവ്.... എന്‍റെ കാമുകനായിരുന്നു.... ആയിരുന്നു എന്ന പ്രയോഗം തന്നെയാണ് എന്‍റെ സുഹൃത്തുക്കളുടെ ആശങ്കകള്‍ക്ക് ഒരു കാരണം.... ആയിരുന്നു എന്നത് ഭൂതകാലം ആണ്... അടഞ്ഞ ഒരു അദ്ധ്യായത്തെ സൂചിപ്പിക്കുന്നത്.... ഒരിക്കല്‍ അടച്ചത് പിന്നീട് തുറക്കരുത് എന്നതാണല്ലോ ഒരു അപ്രഖ്യാപിത തത്വം... പക്ഷെ ഞാന്‍ ഒന്നും തുറക്കാന്‍ ആയിരുന്നില്ല വന്നത്... ഒന്നും പുതുക്കാനും അല്ല....
കാറിന്‍റെ ഡോര്‍ തുറന്ന് ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ തന്നെ നീരവ് എന്നോട് ചോദിച്ചു.... “നിന്റെ തലക്ക് വല്ല കുഴപ്പവും ഉണ്ടോ?? ഒറ്റക്ക് ഇത്രദൂരം...” ഒരു പുഞ്ചിരിയില്‍ എന്‍റെ മറുപടി ഒതുങ്ങി.... “നീ ഒന്നൂടെ തടിച്ചു ലക്ഷ്മി”... ഞാന്‍ അത്ര രസിക്കാത്ത ഒരു നോട്ടം നോക്കി... “ഇയാളും മോശമല്ല.... തടിയന്‍”
സമയം 6 മണിയോട് അടുത്ത് കാണും... സൂര്യന്‍റെ കിരണങ്ങള്‍ ഞങ്ങള്‍ പോകുന്ന വഴിവക്കുകള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യം നല്‍കിപ്പോന്നു... ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ പ്രഭാതം ആയിരുന്നോ അതെന്ന് എനിക്കപ്പോള്‍ സംശയം തോന്നി... നീരവിന്റെ സാന്നിധ്യം കൊണ്ടാവാം... ഞങ്ങള്‍ വഴിവക്കിലെ ഒരു ആഞ്ഞിലി മരച്ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത്... കുറച്ചു നേരം സംസാരിച്ചു...
ബംഗ്ലൂര്‍ ജീവിതത്തിന്‍റെ ആലോസരങ്ങളും ചില സുഖങ്ങളും ഗൃഹാതുരത്വവും ജോലിത്തിരക്കുകളും എല്ലാം നീരവിനു വിഷയങ്ങളായപ്പോള്‍ ഞാന്‍ അതെല്ലാം കേട്ടിരുന്നു... അപ്പോള്‍ മനസ്സില്‍ പണ്ടെന്നോട് മണിക്കൂറുകളോളം സംസാരിക്കുമായിരുന്ന പഴയ നീരവിന്റെ ഓര്‍മകളായിരുന്നു... ഞാനും സംസാരിച്ചു.... ഇന്ന് വന്നില്ലെങ്കില്‍ നഷ്ടമാകുമായിരുന്ന ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാണലിന്‍റെ സന്തോഷത്തെ കുറിച്ച്.... എന്‍റെ കോര്‍പ്പറേറ്റ് ലോകത്തെ കുറിച്ച്... എന്‍റെ വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങളെക്കുറിച്ച്... ഞാന്‍ അവസാനം വായിച്ച പുസ്തകത്തെ കുറിച്ച്, കണ്ട സിനിമകളെ കുറിച്ച്...
കേള്‍വിക്കാരന്‍ ഉണ്ടെങ്കില്‍ ഒരുപാട് സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടികളുണ്ടോ?? ഞാന്‍ ആകും അധികം സംസാരിച്ചത്... ഇഡ്ഡലി ചമ്മന്തിയില്‍ മുക്കുമ്പോഴും എന്‍റെ മുഖത്ത് നിന്ന് നീരവ് കണ്ണുകളെടുക്കാതെ ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു... പറയുന്നത് കണ്ണില്‍ നോക്കി ശ്രദ്ധയോടെ കേള്‍ക്കുന്ന ആണ്‍കുട്ടികള്‍ ഏതൊരു പെണ്ണിനേയും സന്തോഷിപ്പിക്കും...
സെന്‍റ് ആഞ്ചെലോ ഫോര്‍ട്ട് അഥവാ കണ്ണൂര്‍ കോട്ട.... 1505ല്‍ ഇന്ത്യയിലെ ആദ്യ പോര്‍ച്ചുഗീസ് വൈസ്രോയ് പണിത കോട്ട... ആ കോട്ടയുടെ പൌരാണികതയും മനോഹാരിതയും വല്ലാത്തൊരു അനുഭൂതി തന്നെ ആയിരുന്നു... പടിക്കെട്ടുകളും പീരങ്കികളും തുരങ്കങ്ങളും നീണ്ട ഇടനാഴികളും എല്ലാം കണ്ട് ഞങ്ങള്‍ നടന്നു... കടലിലേക്ക് നോക്കി അല്‍പനേരം നിന്നു... കടല്‍ ഞാന്‍ ആദ്യമായല്ല കാണുന്നത്.... പക്ഷെ ആദ്യമായി കടല്‍ കണ്ട ഒരു കുട്ടിയുടെ മനസ്സിലെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, അതായിരുന്നു ആ നിമിഷം എനിക്ക് സമ്മാനിച്ചത്.....
ഉച്ച ഭക്ഷണത്തിനിടക്ക് നീരവിന് വീട്ടില്‍ നിന്നും കോള്‍ വന്നിരുന്നു... 2 ദിവസമേ ആള് നാട്ടില്‍ ഉള്ളൂ എന്നിട്ടും വീട്ടില്‍ കിട്ടാത്തതിന് അമ്മയുടെ വക പരിഭവം ആകും എന്ന് ഞാന്‍ ഊഹിച്ചു... കൂട്ടുകാരനോടൊപ്പം ആണ് ഉടനെ എത്താം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എന്നെ നോക്കി ആ പഴയ കള്ളച്ചിരിയും ഒന്ന് പാസ്സാക്കി..ഞാന്‍ എന്‍റെ ഫോണ്‍ ഓഫ് ആക്കി വച്ചിരിക്കുകയാണ്... ഇവിടുള്ള ഓരോ നിമിഷവും എനിക്ക് ആസ്വദിക്കണം... ഇനി ഇങ്ങനൊരു ദിനം ചിലപ്പോള്‍ ഉണ്ടാവില്ല... വീണ്ടും കണ്ട് മുട്ടുമ്പോള്‍ ചിലപ്പോള്‍ ഞങ്ങള്‍ മിണ്ടാന്‍ പോലും പറ്റാത്തത്ര അകലങ്ങളില്‍ ആയാലോ??
സമയത്തിന് ഒരു കുഴപ്പമുണ്ട്... ഒരിക്കലും അത് ആരുടേയും പരിഭവങ്ങള്‍ക്കോ നൊമ്പരങ്ങള്‍ക്കോ കാതുകൊടുക്കാറില്ല... നിസ്വാര്‍ഥം മുന്നോട്ടുപോയ്ക്കൊണ്ടേ ഇരിക്കും... ഇന്നലെ വൈകുന്നേരം സമയം വേഗം പോകാന്‍ ആഗ്രഹിച്ച ഞാന്‍ തന്നെയാണ് ഇപ്പോള്‍ സമയത്തോട് മെല്ലെ പോകാത്തതിന് പരിഭവിക്കുന്നത്.... മനുഷ്യന്‍ ഇതുപോലെ ഇടക്കിടെ കാലുമാറും എന്നറിയാവുന്നതുകൊണ്ടാകും സമയം ഇതിലൊന്നും ശ്രദ്ധകൊടുക്കാത്തത്....
3 മണിക്കായിരുന്നു തിരിച്ചുള്ള ട്രെയിന്‍... 2.45 നാണ് ഞങ്ങള്‍ സ്റ്റേഷനില്‍ എത്തുന്നത്... തലേ ദിവസത്തെ ഉറങ്ങാതെയുള്ള ട്രെയിന്‍ യാത്രയോ വെയില്‍ കൊണ്ട് ഉച്ചക്ക് നടന്നതോ ഒന്നും എന്നെ ക്ഷീണിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല... നമ്മള്‍ ആരുടെ കൂടെയാണ് എന്നത് നമ്മളെ എല്ലാ രീതിയിലും സ്വാധീനിക്കും... ചിലരുടെ സാമീപ്യം ക്ഷീണമോ സമയമോ വേദനയോ ഒക്കെ മറക്കാന്‍ സഹായിക്കും... ചിലരുടേത് നേരേ തിരിച്ചും...
ട്രെയിന്‍ കയറും മുന്‍പ് ഞാന്‍ ബാഗ്ഗില്‍ നിന്ന് നീരവിന്റെ അമ്മക്കായി കരുതിയ സമ്മാനം നീട്ടി... ആശ്ചര്യത്തോടെ നീരവ് എന്നോട് ചോദിച്ചു... “നീ ഇതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ??” നീരവിന്റെ അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള പുസ്തകമായിരുന്നു ആ സമ്മാനം... മാധവിക്കുട്ടിയുടെ “നീര്‍മാതളം പൂത്തകാലം”....
ട്രെയിന്‍ നീങ്ങിത്തുടങ്ങി.... കൈ വീശി നീരവ് അകന്നു പോകുന്നു... അതോ ഞാനാണോ അകലുന്നത്... ആരായാലും ഞങ്ങള്‍ക്കിടയില്‍ അകലം കൂടുന്നുണ്ട്...
പഴയ കാമുകനെ കാണാന്‍ ഒറ്റക്ക് സഞ്ചരിച്, ലക്ഷ്യം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടി... തിങ്ങി നിറഞ്ഞ ഈ കമ്പാര്‍ട്ട്മെന്റില്‍ ഇതുപോലൊരു യാത്ര നടത്തിയ മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് ഞാന്‍ ചിന്തിച്ചു... ഇല്ല അടഞ്ഞ അദ്ധ്യായങ്ങള്‍ തുറക്കാന്‍ ആരും ഇഷ്ടപ്പെടാറില്ല.. അതൊരു അടഞ്ഞ അദ്ധ്യായം ആണോ?? അല്ല എന്നാണ് ഞാന്‍ കരുതുന്നത്... ഞാന്‍ ആദ്യമായി പ്രണയിച്ച ആളാണ് നീരവ്... ആദ്യ പ്രണയം എന്നും ഒരു പകുതി അടഞ്ഞ അദ്ധ്യായം ആയിരിക്കും... അത് മുഴുവനായി അടക്കാന്‍ എത്ര ശ്രമിച്ചാലും കഴിഞ്ഞു എന്ന് വരില്ല... എന്‍റെ ഈ യാത്ര തന്നെയാണ് അതിനു തെളിവ്...
പഴയ പ്രണയത്തെ പറ്റി ഞങ്ങള്‍ സംസാരിച്ചില്ല... ഇന്നും സ്നേഹിക്കുന്നു എന്ന് പരസ്പരം പറഞ്ഞില്ല... വിട പറഞ്ഞപ്പോള്‍ പരസ്പരം ചുംബിച്ചില്ല.. പക്ഷെ എന്‍റെ യാത്രയും, നീരവ് അമ്മയോട് പറഞ്ഞ നുണയും... ഒരിക്കലും ഉത്തരം കിട്ടാത്ത മനുഷ്യ മനസ്സിന്റെ കടംകഥകള്‍ ആവാം....
സമയം 10 മണിയോടടുത്തു ഫ്ലാറ്റില്‍ തിരിച്ചെത്തുമ്പോള്‍... നീനുവും ദേവിയും ചോദ്യശരങ്ങള്‍ എയ്യും മുന്‍പ് രണ്ട് പേരോടും ഗുഡ് നൈറ്റ് പറഞ്ഞ്... ക്ഷീണിതയായ ഞാന്‍ കിടക്കയിലേക്ക് വീണു.... കണ്ണുകളടച്ചു...



This comment has been removed by the author.
ReplyDeleteReally touching Alex. Nostalgic..Chila nalla ormakal puthukkan sadhichu....
ReplyDeleteഒരിക്കലും ഒരുമിക്കാൻ കഴിഞ്ഞില്ലെങ്കിലും ഓരോ പ്രണയവും അവിടെയും വിജയിക്കുക തന്നെയാണ്.. ..മേഘമൽഹാർ എന്ന ചിത്രം സമ്മാനിച്ച അതെ അനുഭവം ഈ വരി കൾക്കും നൽകാൻ കഴിഞ്ഞു. ....അക്ഷരങ്ങളെ പ്രണയിക്കുന്ന എഴുത്തുകാർ വീണ്ടും ഈ കഥയിലെ നായികയെ പോലെ അവയെ തേടി വരും എന്ന് പ്രതീക്ഷിക്കുന്നു.. ....
ReplyDelete