നാരികള്‍... നാരികള്‍...!!
[01]
ശ്വേതയോട് വഴക്കിട്ടാണ് കോളേജില്‍ നിന്ന്
ഇറങ്ങിയത്. അവളുടെ പിറന്നാളിന് ഞാന്‍
കൊടുത്ത സമ്മാനത്തേക്കാള്‍ നൂറുരൂപ
കൂടുതലായിരുന്നത്രേ ശീതളിന്റെ പിറന്നാളിന് കൊടുത്ത സമ്മാനം. മൂന്നുപേര്‍
പിരുവിട്ടാണ് ശീതളിന് സമ്മാനം വാങ്ങിയത് എന്ന വസ്തുത സൌകര്യപൂര്‍വ്വം അവള്
വിഴുങ്ങി. മാക്സിമം റീടെയില്‍ പ്രൈസ് മാത്രം നോക്കിയാണ് പോരുവിളി. കുറച്ചുനേരം
സന്ധിസംഭാഷണം നടത്തിയിട്ടും ഫലമില്ലെന്ന് കണ്ട് ഞാന്‍ മെല്ലെ അവിടെ നിന്നും
വലിഞ്ഞു.
കോളേജില്‍ നിന്ന് പതിനേഴ് കിലോമീറ്ററേ ഉള്ളൂ
വീട്ടിലേക്ക്, രണ്ട് ബസ്സ് കയറിയാല്‍ മതിയെങ്കിലും എനിക്ക് ബസ്സ് യാത്ര
ഇഷ്ടമല്ലായിരുന്നു. ഡീസലിന്റെ മണം പിന്നെ തിങ്ങി ഞെരുങ്ങി ഉള്ള യാത്രകള്‍ എല്ലാം
എനിക്ക് അസഹനീയം ആയിരുന്നു. അതുകൊണ്ട് റോഡിന് വശത്തെവിടെയെങ്കിലും നിന്ന് ലിഫ്റ്റ്
തെണ്ടി.. അഥവാ എളിമയോടെ ലിഫ്റ്റ് ചോദിച്ചാണ് ഞാന്‍ സ്ഥിരം വീടുപറ്റിയിരുന്നത്.
മറ്റൊരു ഗുണം, എന്നും പുതിയ ഒരാളെ പരിചയപ്പെടാം എന്നതാണ്. അങ്ങനെ കിട്ടിയ അനേകം
സുഹൃത്തുക്കളില്‍ പിന്നീട് എനിക്ക് തന്നെ ഒരു അത്ഭുതമായി തോന്നിയ ആളെയായിരുന്നു
അന്ന് പരിചയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ വൈകുന്നേരം എനിക്ക് മറക്കാന്‍ കഴിയില്ല.
“കുസാറ്റില്‍ ബി-ടെക്
ആണല്ലേ, ഏതാ സ്ട്രീം??”
“ഇ.സി.”
ശ്വേതയുടെ മിസ്കോള്
കണ്ടില്ലെന്ന് നടിച്ച് ഞാന്‍ പറഞ്ഞു
“എന്റെ പേര് സതീഷ്
മേനോന്”
അയാള്‍ സ്വയം
പരിചയപ്പെടുത്തി.
“വിഷ്ണു”
ഫോണ്‍ സ്വിച്ച് ഓഫ്
ആക്കി അയാളെ ശരിക്ക് പരിചയപെടാന്‍ ഞാന്‍ അടുത്ത ചോദ്യം എറിഞ്ഞു.
“എന്ത് ചെയ്യുന്നു?”
കേട്ടിട്ടില്ലാത്ത ഏതോ
ഒരു കമ്പനിയുടെ പേര് സതീഷ് പറഞ്ഞു.
ഞാന്‍ പരിചയ ഭാവത്തില്‍
മൂളി, കളമശ്ശേരിയിലെ കനത്ത ട്രാഫികില്‍ ബൈക്ക് ഇഴഞ്ഞുനീങ്ങി.
“ഞാനും
കുസാറ്റിലായിരുന്നു.. രണ്ട് വര്‍ഷം മുന്‍പ് ഇറങ്ങി..”
മറ്റൊരു ബി-ടെക് കാരനെ
കണ്ടതില്‍ പതിവുപോലെ വലിയ സന്തോഷം ഒന്നും
തോന്നിയില്ലെങ്കിലും ഒരു പഴയ കുസാറ്റ്കാരനെ കണ്ടതിന്റെ ഉന്മേഷം എന്റെ
മുഖത്ത് നിറഞ്ഞു.
ശേഷം വീടും, നാടും, രണ്ട് പേര്‍ക്കും പൊതുവായി വരാന്‍ സാധ്യതയുള്ള
സുഹൃത്തുക്കളും എല്ലാം കടന്ന് സംസാരം എന്റെ ആ ചോദ്യത്തില്‍ വന്നു നിന്നു....
“എവിടെക്കാ യാത്ര?”
[02]
ആലുവ റെയില്‍വേ
സ്റ്റേഷന്... ഒരു വെള്ളിയാഴ്ച രാത്രി ആലപ്പുഴയില്‍ നിന്ന് വണ്ടി കയറി ഞാന്‍
ആലുവയില്‍ ഇറങ്ങി. സമയം രാത്രി പതിനോന്നിനോടടുത്തു കാണും. വീട്ടിലേക്കുള്ള അവസാന
ആനവണ്ടി പിടിക്കാന്‍ കുതിക്കുന്നതിനിടയില്‍ ഒരു ബോഗിയില്‍ മിന്നായം പോലെ ഒരു കാഴ്ച
ഞാന്‍ കണ്ടു. കലൂര്‍-കടവന്ത്ര ഭാഗത്തോടുന്ന പ്രൈവറ്റ് ബസ്സുകള്‍ ബ്രേക്ക്
ചെയ്യുന്നതിലും വേഗത്തില്‍ എന്റെ കാലുകള്‍ നിശ്ചലമായി.
ഞാന്‍ ജനലിലൂടെ അകത്തേക്ക് നോക്കി. താഴത്തെ ബര്‍ത്തില്‍ ഒരു ചര.. അല്ല
മാലാഖ. ശരിക്കും ഒരു മാലാഖ. മുഖം ജനലിനോട് ചേര്‍ത്ത് വച്ച് അവള് ഉറങ്ങുകയാണ്.
ഞാന്‍ അവളെ ഉണര്‍ത്താതെ ബോഗിയോടു ചേര്‍ന്ന് നിന്ന് അത് അസ്വദിക്കുകയുമാണ്. ഒരു
പെണ്‍കുട്ടി ഉറങ്ങുന്നത് ഇത്ര നിഷ്കളങ്കവും മനോഹരവുമായാണോ? എനിക്കത് എത്ര
കണ്ടിട്ടും മതിവരുന്നില്ല.
എനിക്ക് കലി വന്നു. കൂടെയുള്ള ഒരു പെണ്ണ് മാലാഖയെ തട്ടി വിളിക്കുന്നു.
എന്റെ സുന്ദരമായ കാഴ്ച്ചയെ ഇല്ലാതാക്കുന്നു. ഞാന്‍ നിസ്സഹായനായി ബോഗിയോടു ചാരി
ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ നിന്നു.
“റിനു... വേക്ക് അപ്പ്...
സ്റ്റേഷന് എത്തി”
മഗ്ലീഷില്‍ ആ പെണ്ണ്
പറഞ്ഞത് കേട്ട്... എന്റെ മാലാഖ ഉണര്‍ന്നു.
“റിനു”
ആ
പേര് പലവട്ടം ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞാന്‍ ആ ബോഗിയെ തന്നെ ചുറ്റിപ്പറ്റി നിന്നു.
അവര്‍ പുറത്തേക്കിറങ്ങി. എന്റെ മുന്നിലൂടെ നടന്നു നീങ്ങി, അവള് ഉറക്കച്ചടവോടെ
നടന്നുപോകുന്നത് ഞാന്‍ നോക്കി നില്‍ക്കേ പെട്ടെന്ന് കൂടെ നടന്ന പെണ്ണിന്റെ
സ്കാര്‍ഫ് താഴെ വീണു. അവളാണ് എന്റെ റിനുവിന്റെ. ഹി ഹി.. ഓക്കേ ഓക്കേ.. റിനുവിന്റെ ഉറക്കം തടസപ്പെടുത്തിയത്. അവരോടു മിണ്ടാനുള്ള അവസരം ഉണ്ടാക്കാന്‍ പോന്നതാണ് ആ
സ്കാര്‍ഫ്.. എങ്കില്‍ കൂടി ഞാന്‍ അരിശത്തോടെ അത് ചവിട്ടുകയും തട്ടി ട്രെയിനിന്
അടിയിലേക്കിടുകയും ചെയ്തു. ഹും... (പക്ഷെ അതില്‍ ഞാന്‍ പിന്നീട് ഒരുപാട്
ഖേദിച്ചിരുന്നു കേട്ടോ!!)
അവരുടെ പുറകേ ഞാന്‍ സ്റ്റേഷന് പുറത്തേക്ക് നടന്നു. ഉറങ്ങുമ്പോള്‍ ഉള്ള ഭംഗി
അവള്‍ക്ക് ഇപ്പോഴും ഉണ്ടോ എന്ന് ഞാന്‍ സംശയിച്ചു, ആ സമയം അവള് എന്തോ പറഞ്ഞ്
ചിരിച്ചു... അതിമനോഹരമായി. ഞാന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നതും കസേരയില്‍ ഇരുന്നു
ഉറങ്ങുകയായിരുന്ന ഒരു മധ്യവയസ്കന്റെ കാലില്‍ ചവിട്ടിയതും ഒന്നിച്ചായിരുന്നു.
ഉറക്കത്തില്‍ നിന്ന് ചാടി എണീറ്റ അയാള്‍ എന്നെ തെറി പറയും എന്ന് ഞാന്‍
ഭയന്നെങ്കിലും പെട്ടിയെടുത്ത് എന്‍ക്വയറി റൂമിലേക്ക് ഓടുക മാത്രമാണ് ചെയ്തത്.
ട്രെയിന്‍ കാത്തിരിക്കുന്ന മനുഷ്യര്‍ തികച്ചും വിചിത്ര സ്വഭാവക്കാര്‍ തന്നെ.
അവര്‍ ഓട്ടോയില്‍ കയറുന്നത് ഞാന്‍ കണ്ടു, ചെവി കൂര്‍പ്പിച്
ഞാന്‍ ഓട്ടോക്ക് അരികിലേക്ക് നടന്നു. പക്ഷെ മാരണം പിടിച്ച ഒരു ബസ്സ് നീട്ടി ഹോണ്‍
അടിച്ച് കടന്നു പോയി,
‘ഭരത് മാതാ കോളേജ്’
എന്നോ മറ്റോ ആണ് അവര്‍ പറഞ്ഞത്, ഓട്ടോ ഉടനെ സ്ഥലം വിടുകയും ചെയ്തു.
ആ നശിച്ച ബസ്സ് ഏതാണെന്ന് അറിയാന്‍ ഞാന്‍ റോഡിലെക്കോടി, അതിലൊരു കല്ല്
വലിച്ചെറിയാന്‍ ആഗ്രഹിച്ചു, പക്ഷെ അത് എന്റെ വീട്ടിലേക്കുള്ള ലാസ്റ്റ് ബസ്സ്
ആയിരുന്നെന്ന് അറിഞ്ഞപ്പോള്‍ പതിവ് പോലെ ഞാന്‍ ദൈവത്തിന്റെ പിതാവിന്റെ പേര്
ആലോചിച്ചു...
[03]
“അപ്പോള്‍ റിനുവിനെ കാന്നാനായിരുന്നു ഇന്നത്തെ
യാത്ര, ഭാരത് മാതാ കൊളേജിലെക്ക്...”
ഞാന്‍ സതീഷിനോടു ചോദിച്ചു.
“അതെ.. പക്ഷെ കണ്ടില്ല.. അവള് ആ കോളേജില്‍
ആണെന്നുള്ളത് പോലും ഒരു ഊഹം മാത്രമാണല്ലോ.. ഭരത് മാതാ കോളേജ്.. ഒരു സ്റ്റോപ്പ്
ആണ്, അതിനടുത്ത് വീടോ, ജോലിയോ ഒക്കെ ആകാലോ..”
സതീഷ് ചായ താഴെ വച്ചിട്ട് പറഞ്ഞു.
ആദ്യമായാണ്
ലിഫ്റ്റ് വാങ്ങുന്ന ഒരാള്‍ ചായ വാങ്ങി തരുന്നത്. ഇത്രയും തുറന്ന്
സംസാരിക്കുന്നതും, എനിക്കെന്തോ സതീഷിനോടു വല്ലാത്തൊരു അടുപ്പം തോന്നി. എവിടെയോ
വച്ച് കണ്ട് മറഞ്ഞ പെണ്ണിനെ അന്വേഷിച്ചിറങ്ങുക എന്നത് ലേശം കിറുക്ക് ഹൃദയത്തില്‍
സൂക്ഷിക്കുന്നവര്‍ക്കേ ചെയ്യാനാവൂ. അതുകൊണ്ട് തന്നെയാണ് എനിക്ക് സതീഷിനോട് ഈ
അടുപ്പം തോന്നിയതും, ഞാനും ഒരു സമാന കിറുക്കന് തന്നെയാണ്. ബസ്സില്‍ വച്ച് കണ്ട
പെണ്‍കുട്ടിയെ ഒരു കാര്യവുമില്ലാതെ പിന്തുടര്ന്ന് ട്രെയിനില്‍ കയറ്റി വിട്ട്
മടങ്ങിയതും, പുലര്‍ച്ചെ രണ്ടരക്ക് ലുലു മാള്‍ കാണാന്‍ തോന്നി ഇറങ്ങി തിരിച്ചതും,
ക്ലാസ്സിലെ പഠിപ്പിസ്റ്റ് പെണ്‍കുട്ടിയുടെ അസൈന്മെന്റ് കട്ടെടുത് കീറി
കളയുന്നതും എല്ലാം ഞാന്‍ കുസൃതി ചിരിയോടെ ഉള്ളില്‍ സൂക്ഷിക്കുന്ന കൊച്ചു കൊച്ചു
രഹസ്യങ്ങള്‍ ആണ്. അതുവച് നോക്കുമ്പോള്‍ സതീഷിന്റെത് നിസാര പ്രശ്നം, വെറും പ്രണയം
മാത്രം.. അതുകൊണ്ടാകാം ഞങ്ങള്‍ പെട്ടെന്ന് സ്നേഹിതരായതും.
“ഇനി?”
ഞാന്‍ ചോദിച്ചു.
“അറിയില്ല..”
സതീഷ് പറയുമ്പോള്‍ മംഗലപ്പുഴ പാലം പിന്നോട്ടോടി
മറഞ്ഞു.
സതീഷിന്റെത് ഒരു
മള്‍ട്ടി-നാഷണല്‍ കമ്പനി ആണെന്നും കസ്റ്റമര്‍ സപ്പോര്‍ട്ട് ആയതുകൊണ്ട് അദ്ദേഹം വര്‍ഷത്തില്‍
കൂടുതല്‍ സമയവും വിദേശത്ത് ആയിരിക്കുമെന്നും ഞാന്‍ മനസ്സിലാക്കി, അതുകൊണ്ട് തന്നെ
റിനുവിനെ അന്വേഷിച്ചിറങ്ങാന്‍ വൈകുകയും ചെയ്തു. വൈകും തോറും സാധ്യത കുറയുന്നൊരു
പതിവ് പണ്ടേ ഉണ്ട് ഇത്തരം അന്വേഷണങ്ങള്‍ക്ക്.
അത്താണി
എത്താറായപ്പോഴേക്ക് ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തു, ശ്വേതയുടെ മെസ്സേജ്കള്‍ തുരുതുരാ
വന്നു, ബുദ്ധിപൂര്‍വ്വം അത് അവഗണിച്ച് ഞാന്‍ സതീഷിന്റെ കോണ്ടാക്റ്റ് ഡീടൈല്‍സ്
വാങ്ങി സേവ് ചെയ്തു, അവഗണനയെക്കാള്‍ വലിയ പ്രതികാരം ഇല്ലല്ലോ, കുറച്ചു കഴിഞ്ഞ്
വിളിക്കാം ശ്വേത ചുമ്മാ വേദനിക്കട്ടെ.
പിരിയാന്‍
നേരം ഞാന്‍ സതീഷിന്റെ ചുമലില്‍ കൈ വച്ച് പൌലോ കൊഹിലോ പറഞ്ഞ വാചകങ്ങള്‍ എന്റെതെന്ന
മട്ടില്‍ വച്ച് കാച്ചി,
“ആത്മാര്‍ഥമായി എന്ത് ആഗ്രഹിച്ചാലും അത്
സാധിക്കാന്‍ ഈ പ്രപഞ്ച ശക്തികള്‍ എല്ലാം കൂടെ നില്ക്കും”
സതീഷിന്റെ കണ്ണുകള്‍ തിളങ്ങി. എന്റെ മനസ്സും
നിറഞ്ഞു. അയാള്‍ റിനുവിനെ കണ്ടുമുട്ടട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി
ആഗ്രഹിച്ചു....
[04]
പ്രണയം
പാരമ്യത്തില്‍ എത്തിയ ഒരു രാത്രി ഞാന്‍ ശ്വേതയോട് ചോദിച്ചു,
“എല്ലാവരെയും
വേണ്ടെന്ന് വച്ച് നീ എന്റെ കൂടെ ഇറങ്ങി വരുമോ..?”
“വരാം, പക്ഷെ
ആദ്യം സ്വന്തം കാലില്‍ നില്ക്ക്...”
അത് ശരിയാണ്,
ടൂത്ത്പേസ്റ്റ് വാങ്ങാന്‍ പോലും അച്ഛന് നേരെ കൈ നീട്ടുന്നവനാണോ ഒരു പെണ്ണിനെ
വിളിച്ചിറക്കിക്കൊണ്ട് വരാന്‍ പോകുന്നത്. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി,
സ്വന്തം കാശിന് ടൂത്ത്പേസ്റ്റ് ഞാന്‍ വാങ്ങും, ഞാന്‍ അവളോട് പറഞ്ഞു.
“ടൂത്ത്
പേസ്റ്റ്ഓ ??”
“ഹ്...
ഒന്നുല്ലാ.. നിന്നെ ഞാന്‍ വിളിച്ചിറക്കിക്കൊണ്ട് വന്ന് എന്റെ ചെലവില്‍...”
ഫോണ്‍ കട്ട്
ആയി... ബാലന്‍സ് തീര്‍ന്നു, വീണ്ടും എനിക്കെന്നോടു പുച്ഛം തോന്നി, അവള് തിരിച്ച്
വിളിച്ചെങ്കിലും എടുക്കാന്‍ എന്റെ അഭിമാനം അനുവദിച്ചില്ല. പ്രണയ സുരഭിലമായ ആ
രാത്രി കടുത്ത തീരുമാനങ്ങളുടെ തീചൂടില്‍ ഉരുകി... ഞാന്‍ ഫാന്‍ ഇട്ടു, സുഖമായി
കിടന്നുറങ്ങി.
[05]
പ്ലേസ്മെന്റ്
ആയത് ബന്ധുക്കളെ ഒക്കെ വിളിച്ച് പറയാന്‍ ഫോണിലെ നമ്പറുകള്‍ എല്ലാം പരതുകയായിരുന്നു
ഞാന്‍. ഒന്നിനെയും വിട്ടുപോകരുത്. അടുത്ത കല്യാണത്തിന് പോകുമ്പോഴെങ്കിലും ഞാന്‍
എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്ന മൂരാച്ചി ബന്ധുക്കളുടെ മുഖത്ത് നോക്കി
ഇളിച്ച് കമ്പനിയുടെ പേര് പറഞ്ഞ് അഭിമാനത്തോടെ പപ്പടം പായസത്തില്‍ കുഴക്കണം
എനിക്ക്.
അങ്ങനെ പരതുന്നതിനിടയിലാണ് ഞാന്‍ ആ
നമ്പര്‍ കണ്ടത്,
‘സതീഷ് മേനോന്’
ഒരു വട്ടം ആലോചിച്ചപ്പോഴേക്കും ആളുടെ മുഖവും കഥയും മനസ്സില്‍ തെളിഞ്ഞു, ഉടനെ
വിളിച്ചു.
“ഹലോ, സതീഷ്..”
മറുതലയ്ക്കല്‍
അനക്കം ഇല്ല, രണ്ട് വട്ടം കൂടി ലേലം വിളിപോലെ ഞാന്‍ ആ പേര് നീട്ടി വിളിച്ച് ഫോണ്‍
കട്ട് ചെയ്തു.
പിന്നെ അതങ്ങ്
വിട്ട്, പോക്രയിലെ അമ്മായിയെ വിളിക്കാന്‍ ഡയല് ചെയ്തു.
പ്ലേസ്ഡ് ആയത് ഇഷ്ടമാവാത്തത് പോലെ
ആയിരുന്നു രണ്ട് ദിവസായി ശ്വേതയുടെ പെരുമാറ്റം. അവള്‍ക്ക് പ്ലേസ്മെന്റ്
ആയിട്ടില്ല. കിടക്കാന്‍ നേരത്തുള്ള ഉമ്മയും അതിരാവിലത്തെ ഗുഡ് മോര്ണിംഗുമൊക്കെ
ഓര്‍മകളായി. എന്റെ ഫോണ്‍ നമ്പര്‍ കസ്റ്റമര്‍ കെയര്കാര് മാത്രം മറന്നില്ല..
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞാന്‍ വീണ്ടും സതീഷിന്റെ നമ്പര്‍ കാണുന്നത്, ഉടനെ വിളിച്ചു, ഒരു കൗതുകം അന്ന്
കേട്ട കഥയുടെ ബാക്കി അറിയാന്‍, അന്ന് പിരിഞ്ഞിട്ടിപ്പോള്‍ ആറുമാസത്തോളം
ആയിക്കാണും.
“ഹലോ സതീഷ്
അല്ലെ? ”
“അതെ ആരാണ്”,
എന്ത് പറയണം
എന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു,
“എനിക്കൊരിക്കല്‍
ലിഫ്റ്റ് തന്നിട്ടുണ്ട്...”
ബാക്കി പറയും
മുന്‍പേ, സതീഷ് തിരിച്ച് ചോദിച്ചു,
“വിഷ്ണു
അല്ലെ..”
ആ തിരിച്ചറിയല്‍
എന്നേ അത്ഭുതപ്പെടുത്തി, പിന്നെടെപ്പോഴോ അതിന്റെ കാരണവും സതീഷ് തന്നെ പറഞ്ഞു, ടൂ
വീലര്‍ ഓടിച്ച് അധികം പരിചയം ഇല്ലാതെയാണ് അന്ന് റിനുവിനെ കാണാന്‍ ഫ്രെണ്ടിന്റെ
വണ്ടിയുമായി ഇറങ്ങിയത്, പുറകില്‍ ആളെ ഇരുത്തിയും പരിചയമില്ലത്രേ, എന്നിട്ടും
എനിക്ക് ലിഫ്റ്റ് തന്നു, അതുകൊണ്ടാണ് ഇത്ര ഓര്മ, ആദ്യമായി അത്ര ദൂരം ലിഫ്റ്റ്
തന്നത് എനിക്കാണ് പോലും,
ആ നിമിഷം അമ്മ
കാണാതെ ഞാന്‍ അടുപ്പത്തിട്ട ജാതകത്തെ പറ്റി ഓര്‍ത്തു, ആയുസ്സ് അതില്‍
എഴുതിവച്ചിട്ടുണ്ടായിരുന്നോയെന്ന് നോക്കാന്‍ മറന്നു.
സതീഷ്
നാട്ടിലുണ്ടായിരുന്നു, ഞങ്ങള്‍ പറവൂര്‍ കവലയിലെ അന്നത്തെ അതേ കോഫി ഹൌസില്‍ മീറ്റ് ചെയ്തു.
പരിപ്പുവട
കടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു...
“റിനു?”
ഒരു കള്ള
ചിരിയോടെ പരിപ്പുവട എന്റെ ആമാശയം തള്ളിത്തുറന്നു.
[06]
ഭാരത് മാതാ
കോളേജിലെ സ്റ്റുഡന്‍സ് യൂണിയന് പ്രസിഡന്റ്റ് ഷിജു..
ഫ്രണ്ട് റിക്വസ്റ്റ് അയച്ച ഉടനെ ആക്സെപ്റ്റ് ചെയ്തു.
അവന്റെയും എന്റെയും പ്രൊഫൈല്‍ പിക്ചര്‍ ചെഗുവേരയുടെതായിരുന്നു. അതുകൊണ്ടാവാനെ
തരമുള്ളൂ. പാര്‍ട്ടി നയങ്ങളെ വാനോളം പുകഴ്ത്തി, കാസ്ട്രോയുടെ ശീത യുദ്ധ കാല
തന്ത്രങ്ങളും മാവോയുടെ തത്വശാസ്ത്രത്തിലെ പാളിച്ചകളും വരെ ചര്‍ച്ച ചെയ്യേണ്ടിവന്നു
കാര്യം അവതരിപ്പിക്കാന്‍...
“കോളേജില്‍
മൊത്തം മൂന്നു റിനു ഉണ്ട്, ഒന്ന് ആണാണ്, അവനെ ഒഴിവാക്കിയാല്‍ രണ്ട്.. “
കണക്കുമാഷിന്റെ ക്ലീഷേ ഭാവത്തില്‍ ഷിജു അത്
പറയുമ്പോള്‍ രണ്ട് എന്ന നമ്പര്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഒന്നും ഒന്നും
രണ്ട്, വെറും രണ്ട്, രണ്ടുപേര്‍, രണ്ടുപേര്‍ മാത്രം.
രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഷിജു എനിക്ക്
അയച്ചു തന്നു
.
‘റിനു മാത്യൂസ്’.....
‘റിനു വര്‍ഗീസ്’.......
“പ്രൊഫൈല്‍ പിക് നോക്കിയാ പോരേ അളിയാ”
എന്ന
അവന്റെ നിര്‍ദേശം ഒരു പരിഹാസമായിരുന്നോയെന്ന് എനിക്ക് സംശയം തോന്നി, രണ്ട്
റിനുവിന്റെയും പ്രൊഫൈല്‍ പിക്കിലെ കുഞ്ഞോമനകള്‍ എന്നേ നോക്കി പല്ലിളിച്ചു.
ഗര്‍ഭിണികള്‍ അല്ലാത്ത ഈ പെണ്പിള്ളേര്
ഒക്കെ കുഞ്ഞുങ്ങളുടെ ഫോട്ടോ പ്രൊഫൈല്‍ പിക് ആക്കുന്നതിന്റെ ലോജിക് എത്ര
ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
രണ്ട് പേജ്കളും താളിയോലകള്‍ പോലെ
പഠിച്ചതിനു ശേഷം ഞാന്‍ റിനു വര്‍ഗീസിനെ ഒഴിവാക്കി, ആരോ അവളെ ടാഗ് ചെയ്ത ഫോട്ടോയില്‍
നിന്ന് അവളുടെ മുഖം മാലഖയുടെതല്ലെന്ന് ഞാന്‍
മനസ്സിലാക്കി.
‘റിനു മാത്യൂസ്’
എന്റെ റിക്വസ്റ്റ് മൈന്‍ഡ് ചെയ്തില്ല,
അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് അന്നവളെ തട്ടി വിളിച്ച ആ ശല്യക്കാരി കൊച്ചിനെ
ഞാന്‍ തിരഞ്ഞുപിടിച്ചു, അതു വഴി ഒരു വാതില്‍ തുറക്കുകയും ഇത് റീനുവിന്റെ പ്രൊഫൈല്‍ തന്നെയെന്ന്
ഉറപ്പിക്കുകയും ചെയ്തു.
[07]
“അപ്പോള്‍ റിനു
വിനെ കണ്ടെത്തി... ഇനി?” ഞാന്‍ ചോദിച്ചു.
“ആ കൂട്ടുകാരി,
വഴി എന്തേലും വിവരം ഒപ്പിക്കണം, റിനുവിനോട് സംസാരിക്കണം” സതീഷ് പറഞ്ഞു.
“എന്തായാലും നീ
അന്ന് പറഞ്ഞ വാക്കുകളാണ് എനിക്ക് പ്രചോദനം ആയത് റീനുവിനെ പിന്തുടരാന്”
സതീഷ് അത് പറഞ്ഞപ്പോള്‍ പൌലോ കൊഹിലോയ്ക്ക് ഞാന്‍ നന്ദി പാസ് ചെയ്തു.
അന്ന് ചായയുടെ
കാശ് ഞാനാണ് കൊടുത്തത്. എനിക്ക് അഭിമാനം തോന്നി. ഇപ്പോള്‍ ടൂത്ത് പേസ്റ്റ്ഉം ഞാന്‍
തന്നെയാണ് വാങ്ങുന്നത്. ജോലിക്കാരനായ എന്നെ എനിക്ക് തന്നെ ഒരുപാടിഷ്ടം ആയി.
പിരിയാന്‍ നേരം
ഞാന്‍ സതീഷിന്റെ ചുമലില്‍ കൈ വച്ച് വെറുതേ പറഞ്ഞു,
“സ്വപ്നങ്ങളെ
പിന്തുടരൂ... അവ ഉറപ്പായും സത്യമാകും”
സതീഷിന്റെ
കണ്ണുകള്‍ വീണ്ടും തിളങ്ങി, ഞാന്‍ പുഞ്ചിരിച്ചു... തന്റെ വാക്കുകള്‍
കടമെടുത്തത്തില്‍ പക്ഷെ സച്ചിന് തെല്ലും നീരസം കാണിച്ചില്ല, കൊച്ചിന് ടസ്കേര്‍സിന്റെ
പോസ്റ്ററിലിരുന്ന് അദ്ദേഹം നൂറു കോടി ജനങ്ങള്‍ ആരാധിക്കുന്ന ആ പുഞ്ചിരി
പാസാക്കി... ദൈവം തന്നെ, ഞാന്‍ ഉള്ളില്‍ പറഞ്ഞു.
[08]
ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പിന്നെ ഞാന്‍
സതീഷിനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്, ഫേസ്ബുക്ക് തന്നെ സജസ്റ്റ് ചെയ്ത
ലിസ്റ്റില്‍ എവിടെയോ വച്ച്. മുന്‍പ് കണ്ടപ്പോഴോന്നും ഫേസ്ബുക്ക് ഐഡി ചോദിക്കാന്‍
ഞാന്‍ ഓര്‍ത്തില്ല, നമ്പര്‍ കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടാകാം, പക്ഷെ ഈ ഒരു വര്‍ഷത്തിനുള്ളില്‍
അതെന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു, അതുമാത്രമല്ല ശ്വേതയും.
ജോലി കിട്ടി ആറുമാസം തികഞ്ഞ ദിവസം
ഞാന്‍ അവളോട് പറഞ്ഞു നമ്മുടെ ബന്ധം വീട്ടില്‍ സംസാരിക്കാന്‍. അവള് വല്ലാത്ത
എതിര്‍പ്പ് പ്രകടിപ്പിച്ചു, അതിനു കാരണം ഞാന്‍ ഒരു മാസത്തിനുള്ളില്‍ അറിഞ്ഞു,
അവളുടെ കല്യാണനിശ്ചയത്തിനു പിറ്റേ ദിവസം നീണ്ടൊരു ഈമെയിലില്‍ അവള് എന്നോട് മാപ്പ്
ചോദിച്ചു, ശേഷം വിട പറഞ്ഞു. കാനഡക്കാരന് ശ്യാം മനോഹറിന്റെ ബാങ്ക് ബാലന്‍സ്
മൊബൈല്‍ നമ്പര്‍ പോലെയാണത്രെ.
ഒരാഴ്ച ലീവ് എടുത്ത് ഞാന്‍ ഊര്
ചുറ്റി, പുതിയ സിനിമകള്‍ ഒക്കെ കണ്ടു, ഒരുപാട് സ്ഥലങ്ങളില്‍ ഒറ്റക്ക് പോയി,
നാഗാലാന്‍ഡില്‍ പോണം എന്നായിരുന്നു ആഗ്രഹം എങ്കിലും, എട്ടുമണി കഴിഞ്ഞാല്‍ അമ്മ
ചോറില്‍ വെള്ളം ഒഴിക്കും എന്നതുകൊണ്ട് പാലാരിവട്ടവും മറൈന്‍ ഡ്രൈവും വല്ലര്പ്പാടവും
ഒക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. സങ്കടം എന്നിട്ടും മാറാഞ്ഞപ്പോള്‍ ഞാന്‍ അമ്മ
കാണാതെ കാന്താരി മുളക് കട്ടെടുത്തു ഒറ്റ ഇരുപ്പിന് നാലെണ്ണം കടിച്ചു തിന്നു, നല്ല
ആശ്വാസം തോന്നി... സമാധാനവും... പെണ്ണിനെ വിശ്വസിക്കുന്ന ഏര്‍പ്പാട് ഞാന്‍ അന്ന്
നിര്‍ത്തി.
“റിനു, അങ്ങനൊന്നും അല്ലടാ... “ എന്റെ കഥന കഥ കേട്ട് സതീഷ് പറഞ്ഞു.
“അവളുടെ ഫ്രണ്ട്
വഴി ഞാന്‍ നമ്പര്‍ ഒപ്പിച്ചു , അവളെ വിളിച്ചു” അയാള്‍ തുടര്‍ന്നു.
കാന്താരി മുളക്
തിന്നുന്നൊരു ക്ലൈമാക്സ് തന്നെ ഈ കഥയ്ക്കും വരണേ എന്ന് ആഗ്രഹിച്ചു കൊണ്ട് ഞാന്‍
കേട്ടിരുന്നു.....
[09]
“ഹലോ”
“ഹെലോ, ഹു ഈസ് ദിസ്?”
“റീനു അല്ലേ?”
“യാ അതെ... ആരാണ്?”
അവള് രണ്ടുതവണ ‘ഹലോ’ പറഞ്ഞത് ഞാന്‍
കേട്ടില്ല... ആകെ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. സ്നേഹിക്കുന്ന പെണ്ണിനോട്
ഇഷ്ടം പറയാന്‍ എന്തിന് അതിനു മുന്‍പ് സംസാരിക്കാന്‍ പോലും വല്ലാത്ത ധൈര്യം
വേണമെന്ന് എനിക്കപ്പോ തോന്നി.
“ഐ വാണ്ട് ടു മീറ്റ് യു... റീനു... സംതിംഗ്
റിയലി ഇമ്പോര്ട്ടന്റ്റ്... ”
“യാ ടെല്‍ മീ... ഫസ്റ്റ് ഹൂ ഈസ് ദിസ്...?”
“തനിക്കെന്നെ അറിയാന്‍ സാധ്യത ഇല്ല... എനിക്ക്
പക്ഷെ അറിയാം..”
“എന്താണ് കാര്യം? അം ലിറ്റില്‍ ബിസി നൌ...”
“ഓക്കേ... വൈകീട്ട് തന്റെ ഓഫീസിന് മുന്നിലുള്ള
കോഫി ഷോപ്പില്‍ മീറ്റ് ചെയ്യാമോ...? ഇഫ് ഇട്സ് ഫൈന്‍”
“ഓക്കേ കോള്‍ മി ആഫ്റ്റര്‍ ഫൈവ്... ബൈ...”
അവള് ഫോണ്‍ കട്ട്
ചെയ്തു, കോളേജ് കഴിഞ്ഞ് അവള് ജോലിക്ക് കയറി, കഷ്ടിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടേ
ഉണ്ടായിരുന്നുള്ളൂ... മുറക്ക് റീചാര്‍ജ് ചെയ്ത് കൊടുക്കണമെങ്കിലും അവളെ അന്ന്
വിളിച്ചുണര്‍ത്തിയ ആ കൂട്ടുകാരി ഉപകാരി
ആയിരുന്നു.. അവളാണ് നമ്പറും വിവരങ്ങളും എല്ലാം തന്നത്.
“മിസ്റ്റര്‍ സതീഷ്, നിങ്ങളുടെ ഈ ഡയറക്റ്റ് ആന്‍ഡ്
ഫ്രണ്ട് ലീ അപ്പ്രോച്, എനിക്ക് ഇഷ്ടമായി... ബട്ട് ... ”
കാര്യം അവതരിപ്പിച്ച് കഴിഞ്ഞപ്പോ മുതല്‍ ഉള്ള
പരവേശം വെള്ളം കുടിച്ച് തീര്‍ക്കുന്നതിനിടയില്‍ അവള് പറഞ്ഞു.
“ബട്ട്..?”
“ആം ഓള്‍റെഡി എന്‍ഗേജ്ഡ്... ”
കയ്യിലെ എന്‍ഗേജ്മെന്റ് റിംഗ് ഉയര്‍ത്തി കാട്ടി
അവള് പറഞ്ഞു....
[10]
ഒരു ഗ്ലാസ് വെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട്
സതീഷ് എന്നേ നോക്കി. അതെ കോഫി ഷോപ്പ് .. പക്ഷെ ഇത്തവണ ചായ ഓര്‍ഡര്‍ ചെയ്തില്ല,
ഒന്നും ഓര്‍ഡര്‍ ചെയ്തില്ല..
“അപ്പോള്‍ അതവിടെ അവസാനിച്ചോ?”
കാന്താരിമുളകില്‍ തന്നെ കഥ അവസാനിച്ചതില്‍
എനിക്ക് സങ്കടം തോന്നി..
“ഇല്ലെടാ.. അവള് എന്നെ അതിനു ശേഷം
വിളിക്കാറുണ്ടായിരുന്നു ഇടയ്ക്കിടെ... ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി... എന്റെ
അനിയത്തിയുമായൊക്കെ നല്ല കൂട്ടാ... ”
“അത് കൊള്ളാം... അങ്ങനെ റീനു നല്ലൊരു സുഹൃത്തായി
അല്ലേ... അല്ലേലും ഈ പെണ്ണുങ്ങള് ഒക്കെ ഇങ്ങനാ.. ”
ഞാന്‍ എന്നിലെ സ്ത്രീ
വിരുദ്ധതയുടെ ആണിയില്‍ വീണ്ടും ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു.
“റീനു പക്ഷെ എന്ത് തെറ്റാ ചെയ്തത്? അവള് കാര്യം
തുറന്ന് പറഞ്ഞു, എന്നെ പിന്നെ അവള്‍ക്ക് വേണേല്‍ അവഗണിക്കാമായിരുന്നു, പക്ഷെ
എന്നിട്ടും അവളെന്നെ ഒരു നല്ല സുഹൃത്തായി കണ്ടു...അതവളുടെ വലിയ മനസ്സല്ലേ...”
സതീഷ് കരയുമോ എന്ന് സംശയിച്ച് ഞാന്‍ കണ്ണില്‍
തന്നെ ഉറ്റു നോക്കി...
“കല്യാണത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല,
അനിയത്തി പോയിരുന്നു... എന്നെ അന്വേഷിച്ചുന്ന് പറഞ്ഞു... അപ്പൊ സന്തോഷം തോന്നി...”
ആ കഥയും പതിവുപോലെ അവസാനിക്കുന്നത്
നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ, സതീഷ് റീനു കൈ വിട്ട്
പോകുമ്പോള്‍ നോക്കി നിന്ന പോലെ...
“നീ പക്ഷെ എന്നും ഒരു നിമിത്തമായിരുന്നു.. നിന്റെ
വാക്കുകള്‍ കേട്ടപ്പോഴാണ് ഞാന്‍ സീരിയസ്
ആയി അവളുടെ പുറകെ പോയത്.. രണ്ടാമത് കണ്ടതിനു ശേഷം ആണ് നമ്പര്‍ ഒപ്പിച് വിളിച്ചത്..
നീ എന്റെ പ്രണയത്തില്‍ കൂടെയുണ്ടായിരുന്നു എന്നും.. താങ്ക്സ്..”
സതീഷ് ഇറങ്ങാന്‍ നേരം പറഞ്ഞു ...
“എന്ത് കാര്യം എല്ലാം വെറുതേ ആയില്ലേ??”
ഞാന്‍
അയാളുടെ തോളില്‍ കൈ വച്ച് യാത്ര പറഞ്ഞു...
ഇത്തവണ പക്ഷെ
എനിക്ക് അയാളോട് പറയാന്‍ വാക്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല... മനസ്സില്‍
എവിടെയോ ആരോ മന്ത്രിക്കുന്നുണ്ട്...
“ലൈഫ് ഈസ് എ
ക്രെയ്സീ ബിച്ച്....!!”
[11]
കാലം ഒരുപാട് മാറി,
ശ്വേത പോയിടത്ത് ദിവ്യ വന്നു, പിന്നെ ആന്‍ വന്നു, ശ്രീ ലക്ഷ്മി വന്നു, ഒടുവില്‍
ദിയ വന്നു...
ഒരു വൈകുന്നേരം ഞാന്‍ ദിയയെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍
കാത്തുനില്ക്കുകയായിരുന്നു. അവള് അവധിക്കാലം ആഘോഷിക്കാന്‍ പാരന്‍സിന്റെ
അടുത്തേക്ക് പോകുകയാണ്.. ഭാര്യ, വീട്ടില്‍ ഇല്ലാത്ത ദിവസങ്ങള്‍ പുരുഷന്മാര്ക്ക്
എങ്ങനെയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ... ഗോവക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍
പോയിരിക്കുകയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ജുവല്‍, അവന്റെ ഭാര്യ ഡെലിവറി
അടുത്തതുകൊണ്ട് സ്വന്തം വീട്ടിലാണ്.. ആകെ മൊത്തം ലോട്ടറി അടിച്ച
പ്രതീതി...സ്വതന്ത്രം ആഘോഷിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. ആ ത്രില്ലോക്കെ
കടിച്ചമര്‍ത്തി ഞാന്‍ എന്റെ മുഖത്ത് സങ്കടം വരച്ചു വച്ച് ദിയയെ
യാത്രയാക്കി...
അത്യാവശ്യത്തിന് മാത്രം വേണ്ട സാധനങ്ങള്‍
ജീപ്പില്‍ വാരിയിട്ട് ഞാനും ജുവലും യാത്ര തുടങ്ങി... ഗോവ ശരിക്കും ഒരു തീര്‍ഥാടന
കേന്ദ്രം ആയി പ്രഖ്യാപിക്കേണ്ട സ്ഥലം ആണ് എന്ന് ജുവല്‍, ഞാനും അതിനെ അനുകൂലിച്ചു മനസ്സിനും ആത്മാവിനും
ശാന്തിയും സമാധാനവും തരുന്ന സ്ഥലമാണ് തീര്‍ഥാടന കേന്ദ്രമെങ്കില്‍ ഗോവ തീര്‍ച്ചയായും
അത്തരമോന്നാണ്..
ഭക്തിസാന്ദ്രമായി ആ യാത്ര പുരോഗമിക്കവേ,
ഞങ്ങളുടെ സമീപത്തുകൂടി ഒരു സ്കോര്‍പിയോ ഹോണ്‍ അടിച്ച് പാഞ്ഞു പോയി, അതിനകത്ത് ഒരു
പെണ്‍കുട്ടി ഡോറിന്റെ ഗ്ലാസില്‍ തല ചാരി വച്ച് ഉറങ്ങുന്നുണ്ടായിരുന്നു, കാണാന്‍
നല്ല ഭംഗി തോന്നി എനിക്ക്, വല്ലാത്തൊരു നിഷ്കളങ്കതയും, ഞാന്‍ ജുവലിനോടും
സൂചിപ്പിച്ചു,
“നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ
നാരായവേരുകള്‍ നാരകീയാഗ്നികള്‍...”
അവന് ഇത്രയേ പറഞ്ഞുള്ളൂ... ആ വരികള്‍ ഞാനും
എറ്റു പറഞ്ഞു...
പക്ഷെ ഞങ്ങളെ കടന്നുപോയ നിഷ്കളങ്കമായി
ഉറങ്ങുന്ന ആ പെണ്‍കുട്ടി എന്നേ ആ പഴയ കഥ ഓര്‍മിപ്പിച്ചു, സതീഷ് പറഞ്ഞ ട്രെയിനിലെ
ഉറങ്ങുന്ന പെണ്‍കുട്ടി, അവളുടെ പേരുപക്ഷെ ഞാന്‍ മറന്നു... ഒരുപാട് നാളായി
സതീഷുമായി കോണ്ടാക്റ്റ് ഇല്ല.. ഞാന്‍ വെറുതെ ഫോണില്‍ പരതി, ഫേസ്ബുക്കില്‍ നിന്നും
നമ്പര്‍ കിട്ടി... ഞാന്‍ ഡയല് ചെയ്തു...
[12]
“അളിയാ... നീയോ....”
സതീഷ്
സന്തോഷത്തോടെയാണ് ആണ് ഫോണ്‍ എടുത്തത്, എന്റെ വിശേഷങ്ങള്‍ ആയിരുന്നു ആദ്യം
വിവരിച്ചത്, ജോലി, വിവാഹം, യാത്രകള്‍, എഴുത്ത്.. എന്റെ വിശേഷങ്ങളുടെ
ഭാണ്ഡക്കെട്ട് കാലിയായപ്പോള്‍ സതീഷിന്റെത് തുറന്നു...
ജോലി,യാത്രകള്‍...
വിശേഷങ്ങളില്‍ എവിടെയും വിവാഹം കടന്നുവന്നില്ല എന്നത് ഞാന്‍ പ്രത്യേകം
ശ്രദ്ധിച്ചു. ഒടുവില്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു,
“വിവാഹം?”
“ഇല്ലടാ... ഇതുവരെ പറ്റിയോരാളെ കിട്ടിയില്ല... ”
എന്നായിരുന്നു മറുപടി...??
“ആ കുട്ടി ഇപ്പോള്‍ എന്ത് ചെയ്യുന്നു, നമ്മുടെ ആ
പഴയ കക്ഷി?? കോണ്ടാക്ട് ഉണ്ടോ ??”
കുറേ നേരമായി മനസ്സില്‍ വീര്‍പ്പുമുട്ടിക്കിടന്ന
ആ ചോദ്യം ഞാന്‍ ഒടുവില്‍ ചോദിച്ചു,
“അത് വല്യ കഷ്ടമാടാ റിനുവിന്റെ കഥ... കല്യാണം
കഴിഞ്ഞത് ഞാന്‍ പറഞ്ഞിരുന്നില്ലേ, അവളുടെ കുഞ്ഞിന് ഒരു വയസ്സാകും മുന്‍പ് ഭര്‍ത്താവ്....”
ഒരു നിമിഷത്തെ മൗനം...
“അവളിടക്ക് വിളിക്കും.. എല്ലാം പറഞ്ഞ്... ചിലപ്പോ
കരയും... എന്ത് പറഞ്ഞാ സമാധാനിപ്പിക്കുക...”
പിന്നെയും മൗനം....
“എന്ത് കോപ്പാടാ... ഫോണ്‍ വയ്ക്ക് കുറേ
ആയല്ലോ....”
വഴിവക്കില്‍ കണ്ട മദാമ്മ പെണ്‍കൊച്ചിനെ പറ്റി
കമന്റ്റ് പറയാന്‍ കമ്പനി കൊടുക്കാത്തതിന്റെ പരിഭവത്തില്‍ ജുവല്‍ പറഞ്ഞു. ഞാന്‍
അവനെ നോക്കി കണ്ണിറുക്കി...
“മറ്റൊരു റീനുവിനെ തന്നെയല്ലേ ആശാനും
തിരയുന്നെ??”
ഞാന്‍ ആദ്യ അസ്ത്രം തൊടുത്തു.
“അറിയില്ല ചിലപ്പോള്‍ ആയിരിക്കാം...”
സതീഷ് നെടുവീര്‍പ്പിട്ടു.
“ഇപ്പോഴും സ്നേഹിക്കുന്നില്ലേ അവളെ...?”
എന്റെ രണ്ടാമത്തെ അസ്ത്രം..
“ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം...”
സതീഷ് രണ്ടാമതും നെടുവീര്‍പ്പിട്ടു..
രണ്ടസ്ത്രങ്ങളും നെടുവീര്‍പ്പുകളില്‍ തട്ടി
നിഷ്പ്രഭമായിട്ടും ഞാന്‍ തളര്‍ന്നില്ല..
“റിനുവിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാന്‍
എന്താണ് തടസ്സം??”
ഞാന്‍ ആവനാഴി പരതി അതെന്റെ അവസാനത്തെ
അസ്ത്രമായിരുന്നു, പക്ഷെ ഇത്തവണ അത് ലക്ഷ്യം കണ്ടു...
“അവള് തന്നെ... ഈ ഒരവസ്ഥയില്‍ അത്
ശരിയാവില്ലടാ... അത് അവളോട് പറയാനുള്ള ധൈര്യം എനിക്കില്ല... അവളത് എങ്ങനെ
എടുക്കുമെന്ന് എനിക്കറിയില്ല...”
എനിക്ക് വേണ്ട ഉത്തരം ആ മറുപടിയില്‍
ഉണ്ടായിരുന്നു...
കൂടുതലൊന്നും സംസാരിക്കാതെ ബൈ പറഞ്ഞ് ഞാന്‍ ഫോണ്‍
വച്ചു...
“വണ്ടി നിര്ത്തളിയാ....” ഞാന്‍ ജുവലിനോട്
പറഞ്ഞു...
കുരുട്ടുബുദ്ധി നിറഞ്ഞ രണ്ട് തലച്ചോറുകള്‍...
അര മണിക്കൂറിനുള്ളില്‍
സതീഷിന്റെ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഞങ്ങള്‍ റിനുവിനെ കണ്ടെത്തി..
[13]
പാലടയ്ക്ക് മധുരം
ലേശം കൂടുതലായിരുന്നു.. വിളിക്കാത്ത കല്യാണത്തിന് വരില്ലാ എന്ന വാശി എന്റെ നിര്‍ബന്ധത്തിന്
മുന്നില്‍ മാറ്റിവച്ച് ജുവല്‍ രണ്ടാമതും ചോറുവാങ്ങി...
സദ്യക്ക് ശേഷം
ഞങ്ങള്‍ ചെക്കനും പെണ്ണിനും സമീപത്തെത്തി, ഫോട്ടോഗ്രാഫര്‍മാര്‍ തലങ്ങും വിലങ്ങും
പുതുമോടികള്‍ക്ക് നടുക്കും നിന്ന് വരെ ക്ലിക്ക് ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ
അവസരത്തില്‍ സതീഷ് എന്നോട് പറഞ്ഞു...
“എന്റെ അളിയാ നീ
ഒരു സംഭവം തന്നെ... നീ വിളിച്ച അന്ന് രാത്രി ഇവളെന്നോട് ഇങ്ങോട്ട് ചോദിച്ചു
എന്തെങ്കിലും പറയാതെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടോന്ന്.. ബാക്കി പറയണ്ടല്ലോ... നീ
എപ്പോ വിളിച്ചാലും എന്റെ ലൈഫില്‍ ഇതുപോലെന്തെങ്കിലും ഒക്കെ നടക്കും...”
ഞാന്‍
ജുവലിനെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി, അവനപ്പോഴും ക്യാമറ അടുത്ത സ്നാപ്
എടുക്കും മുന്‍പ് മുടി ശരിയാക്കുന്ന തിരക്കിലായിരുന്നു...
[14]
ദിയ നല്ല
ഉറക്കത്തിലായിരുന്നു... ഞാന്‍ ലൈറ്റ് ഇട്ട് കുറച്ച് നേരം അവളെത്തന്നെ നോക്കി
ഇരുന്നു... അവള് ഉറങ്ങുമ്പോള്‍ അതീവ സുന്ദരിയാണ്... നിഷ്കളങ്കത നിറഞ്ഞ മുഖം..
ഞാന്‍ അവളുടെ കവിളില്‍ ചുംബിച്ചു... അവള് മെല്ലെ അനങ്ങി, ഉറക്കത്തില്‍ പിച്ചും
പേയും പറയും പോലെ മന്ത്രിച്ചു...
“ആസാദ്...”
ഒരു നിമിഷം ഞാന്‍
ഒന്ന് ഞെട്ടി, ആസാദ്? അതാരാണ്, ഇനി... ഏയ് ഇല്ല... അങ്ങനൊന്നും ദിയ എന്നോട്
ചെയ്യില്ല... ഞാന്‍ ആകെ അസ്വസ്ഥനായി, ഞാന്‍ മരിച്ചുകഴിഞ്ഞ് വേറൊരാള് അവളെ വിവാഹം
ചെയ്യുന്നത് എന്റെ മനസ്സില്‍ തെളിഞ്ഞു, ‘ആസാദ് വേഡ്സ് ദിയ’... ആറടി
രണ്ടിഞ്ചുകാരന് ആസാദിനോപ്പം ദിയ ചിരിച്ചുകൊണ്ട് ക്യാമറക്ക് പോസ് ചെയ്യുന്ന
രംഗം.... അപ്പോള്‍ എന്റെ അപ്പു... അവനെ ആര് നോക്കും... എന്നെപ്പോലെ അവനെ
രണ്ടാനച്ഛന് നോക്കുമോ...
എന്റെ അപ്പു...
എന്റെ ആസാദ്... ഒരു നിമിഷം.... ആസാദ്... അവന് ആ പേരിട്ടത് ഞാന്‍ തന്നെ
അല്ലേ... ഭാഗ്യം ആരും കേട്ടില്ല...
തൊട്ടിലില്‍ കിടന്ന് ആറുമാസം പ്രായമുള്ള എന്റെ ആസാദ് എന്നെ
പുച്ചിക്കുന്നുണ്ടാകുമോ??
എനിക്ക് കുറ്റബോധം
തോന്നി... എന്റെ ദിയയെ ഞാന്‍ സംശയിച്ചു... ഞാന്‍ മെല്ലെ അവളെ എന്നിലേക്ക് ചേര്‍ത്ത്
പിടിച്ചു...
“വിടൂ.. ഭഗത്..”
ഞാന്‍ ചാടി എഴുന്നേറ്റ് തൊട്ടിലിന് നേരെ
കുതിച്ചു... ആസാദ് മാത്രമേ അതിലുള്ളൂ.... അവന് എന്നേ നോക്കി ചിരിക്കുന്നു...
അപ്പോള്‍ ‘ഭഗത്???’







Well narrated and coherent. Kept me glued till the end. Beautiful story and delivery. Good going.
ReplyDeleteVichuu... Suprbbb Yar...
ReplyDelete