തമോവേദം : നിരൂപണം
എല്ലാ മനുഷ്യരിലും നന്മയുണ്ട്, എന്ന് പറയുന്നത് ശെരി,
എല്ലാ മനുഷ്യരിലും തിന്മയുണ്ട് എന്ന് പറയുന്നത് മറ്റൊരു ശെരി,
എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട് എന്ന് പറയുന്നതും ശെരിതന്നെ.
ഈ നന്മ തിന്മകളില് തിന്മമാത്രം ഒരാള്‍ തിരഞ്ഞെടുത്താല്‍ എന്താകും അവസ്ഥ?
അത്യുന്നതങ്ങളില്‍ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നു.
തമോവേദം!, പേര് സൂചിപ്പിക്കുന്നതുപോലെ ഇരുളിന്റെ വേദം.
വിശ്വനാഥന് എന്ന യുവാവിന്റെ കഥയിലൂടെയാണ് നോവല്‍ കഥപറയുന്നത്.
ദൈവത്തെ ആരാധിക്കുന്നതിനു പകരം ചെകുത്താനെ ആരാധിക്കുവാന്‍ സാധിക്കുമോ? അതൊരു ചോദ്യമാണ്. സഹസ്രാബ്ദങ്ങള്‍ ആയുള്ള മനുഷ്യന്റെ ഈ ചോദ്യത്തെയും അന്വേക്ഷണത്തെയും ആസ്പദമാക്കിയുള്ള ഒരു കഥയാണ് ശ്രീ.രാജീവ് ശിവശങ്കറിന്റെ തമോവേദം എന്ന നോവല്‍.
മരണസമയത്ത് ഒരാള്‍ തന്റെ ജനനം മുതല്‍ അവസാനം വരെ വെള്ളിതിരയിലെന്നപോലെ കാണും എന്ന് ഇടയ്ക്കെവിടെയോ സൂചിപ്പിക്കുന്ന ഗ്രന്ഥകാരന് വിശ്വനാഥന്റെ ജനനം മുതല്‍ മരണാസനമായ അവസ്ഥവരെ ഒരേസമയം കാവ്യാത്മകവും ഭീകരവുമായ രീതിയില്‍ ആവിഷ്ക്കരിക്കുന്നു.
വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്‍വ്വവും ഇഴചേര്‍ന്ന ഒരു കുടുംബത്തിലാണ് വിശ്വം എന്ന വിശ്വനാഥന് ജനിക്കുന്നത്. ജനനം മുതല്‍ കുടുംബത്തില്‍ അപശകുനങ്ങള്‍ കണ്ടു തുടങ്ങി... ഒന്നിന് പിറകെ ഒന്നായി അനര്ത്വങ്ങള് കണ്ടുതുടങ്ങി.
ചെറുപ്പം മുതലേ ഒന്നിനോടും ഭയമില്ല, മനുഷ്യര്‍ ഭയക്കുന്ന എന്തിനെയും സ്നേഹിച്ചു, ക്രൂരതയെ ആവാഹിച്ചു വരുതിക്ക് നിര്‍ത്തി. ദൈവത്തെയും ദൈവവിശ്വാസത്തെയും വെറുത്തു. സാത്താന്റെ സന്തതിയെന്നു കേള്‍ക്കുന്നത് ഇഷ്ടപ്പെട്ടു.
ഇതിനിടയില്‍ മകന്റെ ദുര്‍നടപ്പ് കണ്ടു മാതാപിതാക്കള്‍ മരിച്ചു, എങ്കിലും ആവശ്യത്തിലേറെ വിദ്യാഭ്യാസം നേടിയ വിശ്വത്തിന്റെ കണ്ണില്‍ പെട്ട ഒരു പെണ്ണിനും രക്ഷപെടാനായില്ല. ഉറ്റ സുഹൃത്തിനെയും കൊന്നുതള്ളി കാവതിയെന്ന നാടിനോട് വിടപറഞ്ഞു കൊച്ചിയിലെത്തുന്ന വിശ്വനാഥനെ കാത്തിരുന്നത്, സകല ദുര്‍ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു നേതാവിനെക്കാത്തിരുന്ന സാത്താന് ആരാധകാരായിരുന്നു.
അവിടെ ഒന്പത്വര്ഷത്തോളം സകല കൊള്ളരുതായ്മകളുടെയും അധിപനായി വാണ വിശ്വനാഥന് പെട്ടന്നൊരുദിവസം അടിതെറ്റി, മരണത്തിന്റെ കാണാപുറങ്ങളില്‍ നിന്ന് കഥാവശേഷം ചുരുക്കി, വിശ്വം വീണ്ടും ജനിക്കുന്നു.
വായനക്കാരന്റെ നേരെ പ്രതീക്ഷയുടെ നാളങ്ങള്‍ നീട്ടി വിശ്വം ആദ്യമായി കുടുംബ ക്ഷേത്രത്തില്‍ തിരിച്ചെത്തി വിളക്ക് കൊളുത്തി, പ്രാര്‍ഥിച്ചു. എന്നാല്‍ സാത്താന് അവനെ വിട്ടുകൊടുക്കുന്നില്ല. ഇരുളിന്റെ മറവില്‍ വിശ്വം വായിച്ചത് അഥര്‍വ്വം
ആയിരുന്നു എന്ന് അവസാനം വായനക്കാരന് തിരിച്ചറിയുന്നു.
എഴുത്തുകാരന്, കഥാവസാനം... കഥാന്ത്യസാരാംശം വായനക്കാരനെ ഏല്‍പ്പിക്കുന്നു. രണ്ടു രീതിയിലും ചിന്തിക്കാം. വേണമെങ്കില്‍ ഒരു രണ്ടാം ഭാഗത്തിനും സാധ്യത കാണുന്നുണ്ട്.
രാജീവ് ശിവശങ്കര്‍ ഏതാണ്ട് ആറു വര്‍ഷത്തോളം എടുത്താണ് ഈ നോവല്‍ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ തഴച്ചുവളരുന്ന സാത്താന് ആരാധകരെകുറിച്ച് വളരെ വസ്തുനിഷ്ഠമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരന്റെ ഉള്ളില്‍ ദുഷ്ടമനോഭാവം ജനിപ്പിക്കും എന്നതിനാല്‍ ഈ നോവല്‍ സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് വ്യക്തിപരമായി മടിയാണ് എന്നുണ്ടങ്കിലും, വാക്കുകളിലെ കാവ്യഭംഗിയും വലിയ തെറ്റില്ലാത്ത അവതരണ ശൈലിയും ആകര്‍ഷിക്കുന്നു. ഒപ്പം ഈ കഥയെഴുതാന്‍ രാജീവ് ശിവശങ്കര്‍ എന്ന വ്യക്തി എത്രത്തോളം ചിന്തിച്ചു എന്നത് അത്ഭുതം ഉളവാക്കുന്നു.
മതവിശ്വാസ വൃണങ്ങള്‍ നിങ്ങള്‍ക്ക് പൊട്ടിക്കാന്‍ ഇല്ലെങ്കില്‍, വസ്തുനിഷ്ടമായി വായിക്കുമെങ്കില്‍ കഥ ആസ്വാധ്യമാണ്.
My rating 3.6/5

Comments
Post a Comment
അഭിപ്രായങ്ങൾ ഇവിടെ തന്നെ രേഖപ്പെടുത്തുക... ഇവിടെ എഴുതുന്ന ഓരോ വാക്കും ഏറെ വിലപ്പെട്ടതാണ്...!!