ആക്റ്റ് നമ്പർ 43 ഓഫ് 2005
"അത്… സത്യമാണ്… പക്ഷെ…."
"അപ്പോൾ കുറ്റം താങ്കൾ സമ്മതിക്കുന്നു…. അല്ലേ…??"
"അവൾ അതിന് മുൻപ് എന്നെ സോഫയിൽ നിന്നും ചവിട്ടി താഴെ ഇട്ടിരുന്നു… എന്റെ കൈയിൽ ഇരുന്ന ചായ ദേഹത്തുവീണ് എനിക്ക് പൊള്ളലും ഏറ്റിരുന്നു…."
"ഞങ്ങൾക്ക് അറിയേണ്ടത് ഇത്ര മാത്രം… നിങ്ങൾ ജൂലിയെ ദേഹോപദ്രവം എൽപ്പിച്ചോ ഇല്ലയോ….!!"
"അതിനുള്ള കാരണവും ഞാൻ പറഞ്ഞല്ലോ…."
"ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത്… തെറ്റാണെന്ന് അറിയില്ലേ മിസ്റ്റർ റാം… ഇറ്റ്സ് എ ക്ലിയർ കേസ് ഓഫ് ഡൊമസ്റ്റിക്ക് വയലൻസ്…. ആക്റ്റ് നമ്പർ 43 ഓഫ് 2005…"
"അപ്പോൾ ഇവൾ എന്നെ ചവിട്ടിയതോ…??"
"മിസ്റ്റർ റാം… നാണമില്ലേ കൊച്ചു കുട്ടികളെ പോലെ ചവിട്ടി, നുള്ളി… ആക്റ്റ് ലൈക് എ മെച്യുർ പേഴ്സൺ…"
"ഇത് കോടതി ഒന്നുമല്ലല്ലോ… വനിത കമ്മീഷൻ അല്ലെ…!!"
"ഓക്കേ… മിസ്റ്റർ റാം… ഇനി നിങ്ങളോടൊന്നും സംസാരിക്കാനില്ല… നിയമ നടപടികൾ നേരിടാൻ തയ്യാറായിക്കോളു…. നിങ്ങൾക്ക് പോകാം…"
ദേഷ്യം കടിച്ചമർത്തി ഞാൻ അവിടെ നിന്നും ഇറങ്ങി… ജൂലി എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു… ഞാൻ കണ്ണുരുട്ടിയപ്പോൾ ദേഷ്യം കൊണ്ട് അവളുടെ കവിളുകൾ ചുവന്നു…
പൊള്ളലേറ്റ ഭാഗം ഇപ്പൊഴും കുമളച്ച് കിടക്കുകയാണ്… മുൻപൊരിക്കൽ ജൂലി ചക്കവറുത്തുകൊണ്ടിരുന്നപ്പോൾ ആർത്തിമൂത്ത് അവിടെ ചുറ്റിപ്പറ്റിനിന്ന് തിളച്ച എണ്ണ രണ്ട് മൂന്ന് തുള്ളി കയ്യിൽ വീണപ്പോൾ…. ഓയിൻമെന്റ് പുരട്ടിതന്നവളാണ്, ഇപ്പോൾ ഇത്രയും പൊള്ളിയിട്ടും എന്നെ തിരിഞ്ഞു നോക്കാത്തത്…
ഇനി അവളെ എനിക്ക് വേണ്ട… റിമോട്ട് കൊണ്ട് തല്ലിയതിന് തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ…. എന്ത് ശിക്ഷ കിട്ടിയാലും ശരി, എല്ലാം കഴിഞ്ഞാൽ ഉടനെ ഡിവോഴ്സ് ചെയ്യും…. ഈ റാം ഇനി ഒറ്റക്ക് ജീവിക്കും, മരണം വരെ….
ചക്ക വറുക്കണം എന്ന് തോന്നുമ്പോൾ എന്റെ അമ്മയെ വിളിച്ചു പറയും, അങ്ങ് ചെല്ലും…. അല്ല പിന്നെ…. ഇനി ജൂലി വറുത്ത ചക്ക എന്റെ പട്ടി തിന്നും…. എന്നാലും ഇത്രയും നാളായിട്ടും അച്ഛൻ അമ്മയെ റിമോട്ടിന് തല്ലിയിട്ടില്ല…. അതിന് അമ്മ അവസരം ഉണ്ടാക്കിയിട്ടില്ല…. അങ്ങനെ വേണം ഉത്തമ ഭാര്യ….
അതിന് മാത്രം എന്താ സംഭവിച്ചത്…. ചുമ്മാ ഇരുന്ന് ഫുട്ബോൾ കണ്ടുകൊണ്ടിരുന്നതല്ലേ ഞാൻ…. അപ്പോൾ അവൾക്ക് സീരിയൽ കാണണം… എൽ ക്ലാസിക്കോ നടക്കുകയാണ്… വലിയ മാച്ച് ആണെന്നൊക്കെ പറഞ്ഞു നോക്കി… വല്ല രക്ഷയും ഉണ്ടോ…. സഹി കെട്ടപ്പോൾ പറഞ്ഞുപോയി…
'ഈ നശിച്ച സോഫിയ ചിക്കൻ ഗുനിയ വന്ന് ചത്തിരുന്നെങ്കിൽ ഈ പണ്ടാറ സീരിയൽ ഒന്നവസാനിച്ചേനെ…'
ഒരു മിന്നല് മാത്രമേ പിന്നെ ഓർമയുള്ളൂ…. ചായ വീണ് ദേഹവും പൊള്ളി.… കലി കയറിയപ്പോൾ കയ്യിൽ കിട്ടിയത് ടിവി റിമോട്ട് ആണ്… കൊടുത്തു ഒന്ന് തലമണ്ടക്ക്….
ജൂലി പുറത്തേക്ക് വന്നു… മഴ കാരണം വരാന്തയിൽ നിൽക്കുകയാണ്…. ഒളികണ്ണിട്ട് ഒന്ന് രണ്ട് വട്ടം നോക്കുന്നുണ്ട്…. അവളുടെ അമ്മയും ഉണ്ട് കൂടെ…. ഈ വയസ്സാം കാലത്ത് ലിപ്സ്റ്റിക് ഒക്കെ ഇട്ട്… അയ്യേ…. നാണക്കേട്…. ജൂലിയുടെ അമ്മ അജ്ഞാപിക്കുന്നു… അച്ഛൻ മഴ നനഞ് ഓടുന്നു… കാറെടുത്ത് വരാന്തയോട് ചേർത്ത് നിർത്തുന്നു…. അമ്മ ഡോർ തുറക്കുന്നു…. കാറിൽ കയറുന്നു….
കഷ്ടം… ജൂലിയുടെ അച്ഛൻ പുരുഷസമൂഹത്തിന് അപമാനമാണ്…. എന്നെപ്പോലെ തലയുയർത്തി നടക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല…. ജൂലിയുടെ അമ്മയുടെ വെറും അജ്ഞാനുവർത്തി…. പുച്ഛം മാത്രം….
ജൂലി കാറിനടുത്ത് നിന്ന് എന്തൊക്കെയോ പറയുന്നു… ഡോർ അടയുന്നു കാർ പോകുന്നു…. ജൂലി പോയില്ല… അവൾ ഒടുവിൽ തോൽവി സമ്മതിച്ചു… എന്നെ വിട്ട് അവളെവിടെ പോകാൻ… ഇപ്പോൾ എന്റെ അടുത്ത് വരും…. എന്നോട്….
ഓഹ്… അല്ല… അവളും കാറിനാണ് വന്നിരിക്കുന്നത്…. അതുകൊണ്ടാവും അവരോടൊപ്പം പോകാഞ്ഞത്….
അവൾ മെല്ലെ മഴയിലേക്ക് ഇറങ്ങി…
കാറിനുനേരെ നടന്നു….
അവൾ നനഞ്ഞു…. അവളുടെ സാരി നനഞ്ഞു….
ഇല്ല… ഇതിലൊന്നും ഞാൻ തോൽക്കില്ല…. മഴയിൽ നനഞ്ഞ ജൂലി, എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു… പക്ഷെ എന്റെ അഭിമാനമാണെനിക്ക് വലുത്… സൗന്ദര്യം കൊണ്ട് തോൽപ്പിക്കാൻ ആവുന്നതല്ല ഒരു ആണിന്റെ മനക്കരുത്ത്….
ആദ്യമായി ജൂലിയെ കണ്ടത് ഒരു മഴയിൽ ആയിരുന്നു… ഒരു ജൂണിൽ… കൊച്ചിയിൽ വച്ച്… ഒരു മാരത്തോൺ…. കൂട്ടയോട്ടം…. മഴ വന്നപ്പോൾ ചിലരൊക്കെ ഓട്ടം നിർത്തി അടുത്തുകണ്ട കടകളിലേക്ക് ഓടിക്കയറി… പക്ഷെ ഞാൻ മഴയത്ത് ഓടിക്കൊണ്ടിരുന്നു… 'മഴയെ സ്നേഹിക്കുന്നവർ കുട പിടിക്കില്ല' എന്ന് ബോബ് മാർലി പറഞ്ഞിട്ടുണ്ട്…. കൂടെ ഓടാൻ അധികം പേരില്ല… അല്പം മുൻപിൽ ഒരു സുന്ദരി ഓടുന്നു… കൂടെ എത്താൻ ഞാനും കിണഞ്ഞു ശ്രമിച്ചു… പക്ഷെ രക്ഷയില്ല… ആ പെങ്കൊച്ച് ഒടുക്കത്തെ ഓട്ടം…. എന്റെ ഓട്ടത്തിന്റെ വേഗത കുറഞ്ഞു…. ആ സുന്ദരി ദൂരെ മറഞ്ഞു… പെട്ടെന്ന് പുറകിൽ ജൂലി… അധികം വേഗത ഇല്ല… ഓടിത്തളർന്ന് പതുക്കെ പതുക്കെ…. കൂടെ ഓടാൻ എനിക്ക് അനായാസം…. അന്ന് ഞാൻ ഉറപ്പിച്ചു…. എന്നേക്കാൾ വേഗത്തിൽ ഒടുന്നവളെയല്ല എന്റെ ഒപ്പം ഒടുന്നവളെയാണ് ഞാൻ സ്നേഹിക്കേണ്ടത്….
ബോബ് മാർലി പറഞ്ഞത് ഞാൻ മറന്നു… ഈ മഴ കണ്ട് വരാന്തയിൽ നിൽക്കേണ്ടവനല്ല ഞാൻ…. മഴയിൽ ഇറങ്ങണം…. ജൂലിയോടൊപ്പം ഓടണം… അല്ല… ജൂലിയെ മറക്കണം…. ഇനിയുള്ള ജീവിതം ഒറ്റക്ക് നനയണം ഒറ്റക്ക് ഓടണം…
ജൂലി കാറിനടുത്തെത്തി… ഞാൻ മഴയിലേക്ക് ഇറങ്ങി… ജൂലി കാറിൽ കയറി… ഞാൻ എന്റെ ബൈക്കിന് നേരെ നടന്നു….
ജൂലി കാറ് തിരിച്ചു… എന്റെ നേരെ പാഞ്ഞുവന്നു…. ഓഹോ…. എന്നെ ഇടിച്ചു തെറിപ്പിക്കാൻ പോവുകയാണ് അല്ലെ…. ഇല്ല… ഒരടിപോലും ഞാൻ പതറില്ല…. അടുത്ത് വന്ന് ബ്രേക്കിട്ട് എന്നെ പേടിപ്പിക്കാൻ ആവും…. ഞാൻ അല്ലേ അവളെ ഡ്രൈവിംഗ് പഠിപ്പിച്ചേ…. ആ എന്റെ നെഞ്ചത്ത് തന്നെ അവൾ വണ്ടി കേറ്റുവോ….??
ഞാൻ കണ്ണടച്ചു നിന്നു… ധീരമായി…. 'കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല…'
"വന്ന് കേറ്…."
ഞാൻ കണ്ണ് തുറന്നു…. ജൂലി ഡോർ തുറന്ന് പിടിച്ച് കാറിനുള്ളിൽ തന്നെ ഇരുന്ന് പറയുകയാണ്…
"ഇല്ല… ഞാൻ കയറില്ല… എനിക്ക് അഭിമാന…."
"കേറാൻ…."
അവൾ വീണ്ടും പറഞ്ഞു… അല്പം കൂടി ശബ്ദമുയർത്തി….
ഞാൻ കയറി….
"എവിടെ നോക്കട്ടെ…"
അവൾ എന്റെ ഷർട്ട് മാറ്റി പൊള്ളിയ ഭാഗം നോക്കാൻ വന്നു… ഞാൻ അവളുടെ കൈ തട്ടി മാറ്റി….
"കാണിക്ക്…."
അവൾ വീണ്ടും ശബ്ദമുയർത്തി
ഞാൻ കാണിച്ചു…
"സാരമില്ല… ഞാൻ ഓയിൻമെന്റ് പുരട്ടി തരാം…"
"ഉം…"
ഞാൻ മൂളി….
ആഗോള പുരുഷകേസരികളെ ക്ഷമിക്കുക…. നിങ്ങൾ വിപ്ലവം തുടർന്നോളൂ…. ഈ മഴയൊന്ന് മാറിക്കോട്ടെ… ഞാനുമുണ്ട് നിങ്ങളുടെ കൂടെ….!!



Simple story bt it will definitely bring a smile on ur face.....kollam...oru small thread nannay develop chythu..
ReplyDeleteEnding super aarund😂😂
ReplyDeleteNice.... അടിയും ഇടിയും മഴയും അവസാനം സ്നേഹവും... ആത്മാര്തമായ സ്നേഹം അങ്ങനാണ് പറിച്ചെറിഞ്ഞാലും നമ്മെ വിട്ടു പോകില്ല....
ReplyDeleteHi..Hi..😂😂...nanaitund...
ReplyDeleteNice one..
ReplyDeletenanyit undd ....
ReplyDeleteNte ponnno onnum parayan Illa... U r really talented ��
ReplyDeleteNice
ReplyDelete