ജാനകിയുടെ വാല്
'ജാനകി വാസുദേവൻ...'
ഒരു പുസ്തകം ഒക്കെ എഴുതിയാൽ കവറിൽ നിറഞ്ഞങ്ങു നിൽക്കും...
പുരാണം പിഴിഞ്ഞു നിലത്തു വീഴുന്ന പേരുകൾ പെറുക്കി എടുത്ത് മക്കളുടെ ചെവിയിൽ വിളിക്കുന്ന എല്ലാ അച്ഛന്മാരെയും പോലെ വാസുദേവനും സീതയുടെ ദുർവിധി മറന്നു കൊണ്ട് മകൾക്ക് ജാനകി എന്ന് പേരു വച്ചു...
മകളുടെ പേരിന് പുറകിൽ സ്ഥാനം കിട്ടാത്തത് ജാനകിയുടെ അമ്മ ലീലാമ്മക്ക് തെല്ലും പ്രശ്നം ആയിരുന്നില്ല, ഫെമിനിസം കണ്ടു പിടിച്ചിട്ടില്ലാത്ത ആ കാലത്ത്....
സ്കൂളിൽ ചേർക്കാൻ നേരം ഗോപാലൻ മാഷ് തിരക്കി...
"നല്ലൊരു വാലങ്ങു ചേർക്കട്ടെ മേനോനേ..?? ജാനകി മേനോൻ... ഹാ... അന്തസ്സ്....!!"
"വേണ്ട... ന്റെ പേരു മതി... അത്രക്ക് അന്തസ്സോക്കെ മതി..."
ശ്രീ നാരായണ ഗുരു ചുവരിൽ ഇരുന്ന് ചിരിച്ചു...
"വാസൂന്റെ മോളേ..."
കളിയാക്കി ആണ് ചില വികൃതി കുട്ടികൾ വിളിച്ചതെങ്കിലും...
"അതേടാ ഞാൻ വാസൂന്റെ മോളാ... എന്തിന്റെ സൂക്കേടാ നിനക്കൊക്കെ..."
എന്ന് അഭിമാനത്തോടെ ചോദിച്ചു പോന്നു ജാനകി വാസുദേവൻ....
ഡിഗ്രിക്ക് റാങ്ക് വാങ്ങി ജാനകി യുടെ പടവും പേരും പത്രത്തിൽ വന്നപ്പോൾ വാസുദേവൻ അഭിമാനത്തോടെ ഉറക്കെ വായിച്ചു...
'ജാനകി വാസുദേവൻ, ബി എസ് സി ഫിസിക്സ് , മൂന്നാം റാങ്ക്'
"എന്റെ മോളാ..."
അയാൾ ലീലയോട് പറഞ്ഞു...
"അതേ... നിങ്ങടെ മാത്രം മോളാ..." ലീലക്ക് പരിഭവം...
ജാനകിയുടെ കല്യാണം കഴിഞ്ഞ് അധികം വൈകാതെ അത് സംഭവിച്ചു...
മധുവിധുവിന്റെ പ്രണയത്തിന്റെ ഭർതൃസ്നേഹത്തിന്റെ അതിരുകൾ കടന്ന നിമിഷങ്ങളിൽ എവിടെയോ വച്ച്....
ജാനകിയുടെ പുറകിൽ നിന്ന് വാസുദേവൻ പുറത്തായി....!!
ഒരു വേദനയോടെ ഒരുപാട് കാലം അഭിമാനം ആയിരുന്ന ആ വാല് താഴെ വീണു... പക്ഷെ വെട്ടിയിട്ട ജാനകിയിൽ ആ സങ്കടം കണ്ടില്ല വാസുദേവൻ....
അവൾ ഇപ്പോൾ മറ്റൊരാളുടെ ആയിക്കഴിഞ്ഞു... ജാനകിക്ക് പുതിയൊരു വാല് മുളച്ചു....
'ജാനകി ഗോവിന്ദ്..."
വാസുദേവന് അത് ഒട്ടും പിടിച്ചില്ല...
'ചൊറി പിടിച്ച വാലാണ് ജാനകിയുടേത്....'
അയാൾ സ്വയം പറഞ്ഞു..
ജാനകിയുടെ ആ വാലിന് പക്ഷെ അധികം ആയുസ്സുണ്ടായില്ല ഗോവിന്ദന്റെ പരസ്ത്രീ ബന്ധത്തിൽ ഉടക്കി ആ വാല് മുറിഞ്ഞു....
'ജാനകി ഗോവിന്ദ്'... 'വെറും ജാനകി' ആയി...
പിന്നീട് ഒറ്റക്കുള്ള ജീവിതത്തിൽ ഒരു പുരുഷനും ജാനകിയുടെ മേൽ അധികാരം സ്ഥാപിക്കാൻ സാധിച്ചില്ല... വാസുദേവന് പോലും...
തമോഗർത്തങ്ങളെ കുറിച്ച് പുസ്തകം എഴുതി പ്രകാശനം ചെയ്തപ്പോൾ എഴുത്തുകാരി 'ജാനകി'
വാലില്ലാതെ അഭിമാനത്തോടെ നിവർന്നു നിന്നു പുസ്തകത്തിന്റെ കവറിൽ....
വാലില്ലാതെ അഭിമാനത്തോടെ നിവർന്നു നിന്നു പുസ്തകത്തിന്റെ കവറിൽ....
ഒറ്റക്കുള്ള ജീവിതം മടുത്തപ്പോൾ ഒരു ദത്തുപുത്രനെ കണ്ടെത്തി...
'രാമൻ'...
ആരുമില്ലാത്ത അവന് ജാനകി അമ്മയായി അച്ഛനായി ഉടമസ്ഥയായി...
'രാമൻ'... 'ജാനകീരാമൻ' ആയി...
വാലുകൾ മടുത്ത ജാനകി അങ്ങനെ തലയായി... രാമന്റെ തല....
അനാഥത്വത്തിന്റെ സ്വാതന്ത്രത്തിൽ നിന്നു വിധേയത്വത്തിന്റെ വാലുകളും തലകളും ഉള്ള ലോകത്തേക്ക് രാമൻ പ്രവേശിച്ചു....
അധികാരം സ്നേഹത്തിൽ ചാലിച്ചു കൊടുത്താൽ കയ്പ്പറിയില്ലല്ലോ...!!
Love your children, but never hope through them. ~Osho


നല്ല എഴുത്ത് 😊
ReplyDeleteGood gooing
ReplyDeleteSuperb
ReplyDeleteവാക്കുകളുടെ ലയനത്തിൽ നിന്നുടലെടുത്ത ആശയലാവണ്യത്തിന്റെ മനോഹര ശൈലിയിൽ വിഷ്ണു ഒരുപാടു പറയാതെ പറഞ്ഞു വെയ്ക്കുന്നു. തുടരണം.
ReplyDeleteNalla feel thonni... Good one..
ReplyDeleteNice writing
ReplyDeletePwoli
ReplyDeleteKollam da
ReplyDeleteGood
ReplyDelete